‘വോട്ട്‌ ചെയ്യാത്തവരെ കണ്ടെത്താൻ കമ്പനി ഉടമകളുമായി തെരഞ്ഞെടുപ്പ് കമീഷൻ കരാറിലെത്തിയെന്ന വാർത്ത നടുക്കുന്നത്’

Representative image ഗുജറാത്തിൽ കമ്പനികളിലെ തൊഴിലാളികൾ വോട്ട്‌ ചെയ്യുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാൻ ഇലക്ഷൻ കമീഷൻ കോർപറേറ്റുകളുമായി ധാരണപത്രം ഉണ്ടാക്കിയത് റദ്ദാക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചീഫ് ഇലക്ഷൻ കമീഷണർക്ക്‌ നൽകിയ കത്തിലാണ് യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടത്. വോട്ട്‌ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്താനും പേരുകൾ പരസ്യപ്പെടുത്താനും ഇലക്ഷൻ കമീഷൻ കമ്പനി ഉടമകളുമായി കരാറിലെത്തിയെന്ന വാർത്ത അങ്ങേയറ്റം നടുക്കുന്നതാണ്‌. വോട്ട്‌ ചെയ്യുന്നത്‌ നിർബന്ധമാക്കാനുള്ള നീക്കമാണിത്‌. ഇത്തരത്തിൽ 233 ധാരണാപത്രം ഒപ്പിട്ടുവെന്നാണ്‌ ഗുജറാത്ത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ പറയുന്നത്‌.

വോട്ട്‌ ചെയ്യൽ നിർബന്ധമാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിന്മേൽ 2015ൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞത്‌ വോട്ട്‌ ചെയ്യൽ നിർബന്ധമാക്കുന്നത്‌ രാജ്യത്ത്‌ ജനാധിപത്യവിരുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ്‌. വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണ്‌, മൗലികമായ കടമയല്ല എന്ന നിയമ കമീഷൻ നിലപാടും സർക്കാർ കോടതിയിൽ ഉദ്ധരിച്ചു. കോർപറേറ്റുകളെ ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാൻ നിർബന്ധിക്കുന്ന സർക്കാർ നിലപാട്‌ ഭരണഘടന വിരുദ്ധമാണ്‌. ഇലക്ടറൽ ബോണ്ടുകൾ വഴി തെരഞ്ഞെടുപ്പിൽ കോർപറേറ്റുകൾ ഫണ്ട്‌ നൽകുന്ന വിവാദ സാഹചര്യത്തിലുമാണിത്‌.

ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീൻ വന്നതോടെ ബാലറ്റ്‌ കൂട്ടിക്കലർത്തുന്ന സമ്പ്രദായം ഇല്ലാതായി. ഓരോ മെഷീനിലെയും കണക്ക്‌ കൃത്യമായി അറിയാനാകും. ഇതുവഴി തൊഴിലാളികൾ കോർപറേറ്റുകളുടെ പ്രതികാര നടപടികൾക്കും പീഡനത്തിനും ഇരയാകാൻ  സാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ വിവാദ നീക്കം ഇലക്ഷൻ കമീഷൻ ഉപേക്ഷിക്കണമെന്ന്‌ യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.

Share This News

0Shares
0