വിജയത്തിലേക്ക് സിക്സർ പറത്തി സഞ്ജു; ഇന്ത്യൻ കുപ്പായത്തിലെ ആദ്യ നായക വേഷവും മിന്നിച്ചു

Image from internet ഇന്ത്യൻ കുപ്പായത്തിൽ നായകവേഷത്തിലും മികച്ച തുടക്കവുമായി സഞ്ജു സാംസൺ. ന്യൂസീലാൻഡ് എ ടീമിനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു ക്യാപ്റ്റനായ ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റിൻ്റെ വിജയം. 40.2 ഓവറിൽ 167 റണ്ണിന് സന്ദർശകരെ പ്പറത്താക്കിയ ഇന്ത്യൻ എ ടീം 31.5 ഓവറിൽ 170 റൺസ് അടിച്ചെടുത്താണ് വിജയം കൊയ്തത്. ക്യാപ്റ്റൻ സഞ്ജുവിൻ്റെ ബാറ്റിൽ നിന്നും പറന്ന സിക്സറോടെയായിരുന്നു ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ഇതടക്കം മൂന്നു സിക്സറും ഒരു ഫോറും നേടിയ സഞ്ജു 32 പന്തിൽ നിന്നും 29 റണ്ണുമായി പുറത്താകാതെ നിന്നു.  ഏഴു ഫോറുമായി 41 പന്തിൽ 45 റണ്ണുമായി രജത് പട്ടീദാറും പുറത്താകാതെ നിന്നു. നാലു ഫോറുമായി 40 പന്തിൽ 31 റണ്ണെടുത്ത രാഹുൽ ത്രിപാടിയും 54 പന്തിൽ 41 റണ്ണെടുത്ത ഋതുരാജ് ഗെയ്ക്വാദും ഇന്ത്യൻ നിരയിൽ തിളങ്ങി. പ്യഥ്വി ഷാ 24 പന്തിൽ 17 റണ്ണെടുത്തു ബൗളിങ്ങിൽ ഇന്ത്യക്കു വേണ്ടി ഫാസ്റ്റ് ബൗളർമാരായ ഷാർദ്ദൂൽ താക്കൂർ നാലും കുൽദീപ് സെൻ മൂന്നും വിക്കറ്റെടുത്തു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഉമ്രാൻ മാലിക്കും മികച്ച രീതിയിൽ പന്തെറിഞ്ഞു.

ട്വൻ്റി-ട്വൻ്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ മുൻ അന്താരാഷ്ട്ര താരങ്ങളിൽ നിന്നടക്കം വ്യാപക വിമർശനം ബിസിസിഐക്കെതിരെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു ന്യുസീലാൻഡ് എ ടീമിനെതിരെയുള്ള മൂന്നു മത്സര ഏകദിന പരമ്പരയിൽ സഞ്ജുവിനെ ഇന്ത്യ എ ടീമിൻ്റെ നായകനാക്കിയത്. പ്രതീക്ഷകൾ അസ്ഥാനത്താക്കാത്ത പ്രകടനം നായകവേഷത്തിലും സഞ്ജു പുറത്തെടുത്തതിൽ ആരാധകർക്കും ആശ്വസിക്കാം. ചെന്നൈയിലാണ് തുടർന്നുള്ള മത്സരങ്ങളും.

Share This News

0Shares
0