ഇന്ത്യയുടെ ട്വൻ്റി-ട്വൻ്റി ലോകകപ്പ് സ്ക്വാഡിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിനെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം ഡാനിഷ് കനേരിയ രംഗത്ത്. സഞ്ജുവിനെ ഉൾപ്പെടുത്താതെ ഋഷഭ് പന്തിന് അവസരം കൊടുത്ത ഇന്ത്യൻ സെലക്ടർമാരുടെ നടപടി ഉചിതമായില്ലെന്നും പന്തിനേക്കാൾ യോഗ്യൻ സഞ്ജുവാണെന്നും കനേരിയ തുറന്നടിച്ചു. സഞ്ജുവിനേപ്പോലെ ഒരു താരത്തോട് ഇത് ചെയ്തത് ശരിയായില്ല. ലോകകപ്പ് സ്ക്വാഡിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തേണ്ടതായിരുന്നു. ടീമിൽ ഇടം ലഭിക്കാതെ പോകാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്. ലോക കപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ ഇന്ത്യയിൽ നടക്കുന്ന ട്വൻ്റി-ട്വൻ്റി പരമ്പരകളിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ഋഷഭ് പന്തിനു പകരം സഞ്ജുവിനെയാകും താൻ പരിഗണിക്കുമായിരുന്നതെന്നും ഡാനിഷ് കനേരിയ പറഞ്ഞു. യൂ ട്യൂബ് ചാനലിലൂടെയാണ് കനേരിയ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ലെഗ് സ്പിന്നറായ ഡാനിഷ് കനേരിയ ടെസ്റ്റ് ക്രിക്കറ്റിൽ വസീം അക്രത്തിനും വഖാർ യൂനസിനും ഇമ്രാൻ ഖാനും ശേഷം പാക്കിസ്താനുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള കളിക്കാരനാണ്.