ഓസ്ട്രേലിയയിൽ അടുത്ത മാസം 22 ന് ആരംഭിക്കുന്ന ട്വൻ്റി-ട്വൻ്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സ്ഥിരതയോടെ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിയുന്ന ഉമ്രാൻ ആസ്ട്രേലിയൻ പിച്ചുകളിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകാൻ കഴിഞ്ഞേക്കുമെന്ന് ഹർജ്ജൻ പറഞ്ഞു. ഇക്കഴിഞ്ഞ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഒരു കളിയിൽ അഞ്ചു വിക്കറ്റ് നേട്ടം അടക്കം 14 കളിയിൽ നിന്നും 22 വിക്കറ്റുകളെടുക്കുകയും വേഗതയുടെ കാര്യത്തിൽ ഇന്ത്യയുടെ താരോദയമെന്നും വിലയിരുത്തപ്പെട്ട ബൗളറാണ് ഉമ്രാൻ മാലിക്. ജമ്മു കാശ്മീരിൽ നിന്നുള്ള ഈ യുവതാരം ഇന്ത്യക്കായി മൂന്നു ട്വൻ്റി-ട്വൻ്റി മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ജമ്മു എക്സ്പ്രസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉമ്രാൻ ബാറ്റ്സ്മാൻമാരുടെ താളം തെറ്റിക്കുന്ന ബൗളിങ് പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നിലവിൽ ടീമിൻ്റെ ഭാഗമായിട്ടുള്ള ഫാസ്റ്റ് ബൗളർമാരായ ആവേശ് ഖാനും അർഷ്ദീപ് സിങ്ങിനും ശരാശരി പ്രകടനത്തിനപ്പുറം പോകാൻ കഴിഞ്ഞിട്ടില്ലെന്നതും ഉമ്രാന് അനുകൂലമായ ഘടകമാണ്. ഈ ആഴ്ച ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.