എക്സൈസ് സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നിന്ന് 79.706 കിലോ കഞ്ചാവുമായി നാല് പേരെ പിടികൂടി. മൂവാറ്റുപുഴ കലൂരിൽ വച്ച് ആന്ധ്രപ്രദേശിൽ നിന്ന് കഞ്ചാവുമായി കേരളത്തിലേക്ക് വന്ന നാഷണൽ പെർമിറ്റ് ലോറി എക്സൈസ് സ്ക്വാഡ് പിടികൂടുകയായിരുന്നു. സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പൻ, ഇയാളുടെ മകനായ അരുൺ തങ്കൻ, തൊടുപുഴ കോടുകുളം സ്വദേശി നിധിൻ വിജയൻ, തൊടുപുഴ വണ്ണപ്പുറം ചിങ്കൽ സിറ്റി സ്വദേശി അബിൻസ് എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രപ്രദേശിൽ നിന്നും കിലോയ്ക്ക് 3000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് കിലോക്ക് 20000 മുതൽ 35000 രൂപ വരെ വിലയ്ക്കാണ് ഇവിടെ ഇടനിലക്കാർക്ക് വിറ്റു വരുന്നതെന്ന് പ്രതികൾ പറയുന്നു. ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ കൂടുതലും നടത്തിയിരുന്നത്. ആന്ധ്രയിലെ വിജയവാഡയിൽ തമ്പടിച്ചു കഞ്ചാവ് ശേഖരിച്ച് എറണാകുളത്ത് എത്തിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. നാഷണൽ പെർമിറ്റ് ലോറിയിൽ പ്ലൈവുഡ്, ഫലവർഗ്ഗങ്ങൾ എന്നിവയ്ക്കിടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ഇവരുടെ സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹന പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം, എക്സൈസ് ഇൻസ്‌പെക്ടർമാരായ വി.എസ്.പ്രദീപ്, ഹരീഷ് പി, അശ്വിൻ കുമാർ കെ, മണികണ്ടൻ, അസി.എക്സൈസ് ഇൻസ്പെക്ടർ ഹാരീഷ്, പ്രിവൻ്റീവ് ഓഫീസർമാരായ ഒ.എൻ.അജയകുമാർ, ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ റോബി, റൂബൻ, മുജീബ്ബ് റഹ്മാൻ, അനിൽ പ്രസാദ്, രഞ്ജിത്ത്, അജിത്ത്,ശ്രീകുമാർ ആർ, രാജേഷ് എസ് എന്നിവർ പങ്കെടുത്തു.