മൂന്നു വർഷത്തോളം നീണ്ട സെഞ്ച്വറി വരൾച്ചക്ക് വിരാമമിട്ട് വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ പുറത്താകാതെ 122 റൺസ് അടിച്ചാണ് കോഹ്ലി തൻ്റെ 71 -ാം സെഞ്ച്വറി നേട്ടം കൈവരിച്ചത്. ട്വൻ്റി-ട്വൻ്റിയിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഉയർന്ന സ്കോറും കോഹ്ലിക്ക് സ്വന്തമായി. രോഹിത് ശർമ്മയുടെ 118 റൺസാണ് കോഹ്ലി മറികടന്നത്. മൊത്തം സെഞ്ച്വറി നേട്ടത്തിൽ ആസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങിൻ്റെ ഒപ്പമെത്തി. 100 സെഞ്ച്വറി നേടിയിട്ടുള്ള സച്ചിൻ ടെൻഡുൽക്കറാണ് ഇനി മുന്നിലുള്ളത്. ആറു സിക്സറുകളും 12 ഫോറും ഉൾപ്പടെ 61 പന്തിൽ നിന്നാണ് കോഹ്ലി 122 റൺ അടിച്ചെടുത്തത്. പതിവിൽ നിന്ന് വ്യത്യസ്തമായി കെ എൽ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലി തുടക്കം മുതൽ തന്നെ വെടിക്കെട്ട് ആരംഭിച്ചു. അഫ്ഗാൻ ഫാസ്റ്റ് ബൗളർ ഫരീദിനെ സിക്സറടിച്ചാണ് 100ലെത്തിയത്. 2019 നവംബറിന് ശേഷം സെഞ്ച്വറി നേട്ടമില്ലാതിരുന്ന കോഹ്ലി വിമർശകരുടെ വായടപ്പിച്ചുകൊണ്ടാണ് തൻ്റെ 71 -ാം സെഞ്ച്വറി കുറിച്ചത്.