ഹോങ്കോങ്ങിനെതിരെ ബാറ്റിങ് പൂരം തീർത്ത് വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും. ഹോങ്കോങ്ങിനെ 40 റൺസിന് പരാജയപ്പെടുത്തിയ ഏഷ്യ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തിലാണ് ഇരുവരും ചേർന്ന് വെടിക്കെട്ടിന് തിരികൊളുത്തിയത്. മൂന്നു മിന്നൽ സിക്സറുകളും ഒരു ഫോറും അടക്കം 44 പന്തിൽ 59 റണ്ണുമായി കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയപ്പോൾ അസാമാന്യമെന്ന് വിശേഷിപ്പിക്കാവുന്ന ആറു സിക്സറുകളും ആറു ഫോറും അടക്കം 26 പന്തിൽനിന്നും 68 റണ്ണുമായി സൂര്യകുമാർ യാദവും കത്തിക്കയറി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 98 റണ്ണാണ് അടിച്ചുകൂട്ടിയത്. നാൽപ്പത്തഞ്ച് പന്തിൽനിന്നായിരുന്നു ഇത്. 39 പന്തിൽ നിന്നും 36 റണ്ണുമായി വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും 13 പന്തിൽ നിന്നും 21 റണ്ണുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും മടങ്ങിയപ്പോഴാണ് കോഹ്ലി, സൂര്യ കൂട്ടുകെട്ട് ആരംഭിച്ചത്. കോഹ്ലി കരുതലോടെയാണ് തുടങ്ങിയതെങ്കിൽ ഹോങ്കോങ് ബൗളർമാർക്ക് ഒരു ബഹുമാനവും നൽകാതെയായിരുന്നു സൂര്യകുമാർ യാദവ് കത്തിക്കയറിയത്. കോഹ്ലി 40 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി കണ്ടെത്തിയപ്പോൾ 22 പന്തിൽ നിന്നും 54 ൽ എത്തിയാണ് സൂര്യകുമാർ അർദ്ധസെഞ്ച്വറി കടന്നത്. ഇരുവരും ചേർന്ന അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ രണ്ടു വിക്കറ്റിന് 192 ലെത്തിച്ചു. സൂര്യയാണ് കളിയിലെ താരമായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിനായി മുൻ ക്യാപ്റ്റൻ ബാബർ ഹയാത്തും വെടിക്കെട്ട് തുടങ്ങിയെങ്കിലും സ്പിന്നർമാർ വന്നതോടെ സ്കോറിങ് വേഗം കുറഞ്ഞു. ഒടുവിൽ രവീന്ദ്ര ജഡേജയുടെ പന്തിൽ ആവശ്ഖാന് ക്യാച്ച് നൽകി 35 പന്തിൽ 41 റണ്ണുമായി ബാബർ ഹയാത്ത് മടങ്ങി. 28 പന്തിൽ 30 റൺ എടുത്ത കിഞ്ചിത് ഷായും 17 പന്തിൽ 26 റൺ എടുത്ത സീഷാൻ അലിയുമാണ് മറ്റ് പ്രധാന സ്കോറർമാർ. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 152 റണ്ണിന് ഇന്നിങ്സ് അവസാനിച്ചു.
പാക്കിസ്താനെതിരായ മത്സരത്തിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നൽകിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിലെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിനെ ബാറ്റ്സ്മാനായി നിലനിർത്തിക്കൊണ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിന് അവസരം നൽകി.
31-ാം അർദ്ധ സെഞ്ച്വറിയോടെ ട്വൻ്റി-ട്വൻ്റിയിൽ കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡിൽ രോഹിത് ശർമ്മക്കൊപ്പമെത്തി വിരാട് കോഹ്ലി. 27 അർദ്ധ സെഞ്ച്വറിയോടെ പാക്കിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് ഇവർക്ക് പിന്നിലുള്ളത്.