ഓപ്പറേഷൻ പി ഹണ്ട്; 15 പേർ അറസ്റ്റിൽ

Representative image from internetകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബർ ഡോമിന് കീഴിലുള്ള പോലീസ് സിസിഎസ്ഇ (Counter Child Sexual Exploitation) ടീമിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് 22.3 പരിശോധനയിൽ 15 പേരെ അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തെ 656 കേന്ദ്രങ്ങൾ നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 67 കേസുകൾ എടുത്ത സംഘം 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, ലാപ്പ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ ഉൾപ്പെടെ 279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു. 5 മുതൽ 15 വരെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങളും, വീഡിയോകളും അറസ്റ്റിലായവർ പ്രചരിപ്പിച്ചതായി പരിശോധനയ്ക്ക് ഉത്തരവിട്ട സൗത്ത് സോൺ ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ പി. പ്രകാശ് ഐപിഎസ് അറിയിച്ചു.

സൈബർ ഡോം ഓപ്പറേറ്റിംഗ് ഓഫീസർ ശ്യാം കുമാർ എ, രഞ്ജിത് ആർ.യു, അനൂപ് ജി.എസ്, വൈശാഖ് എസ്.എസ്. അനുരാജ് .ആർ, അക്ഷയ് സന്തോഷ് എന്നിവരടങ്ങിയ സിസിഎസ്ഇ സൈബർഡോം ടീമാണ് ഓൺലൈൻ വഴി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിച്ച് കണ്ടെത്തിയത്. കൂടാതെ ബച്പൻ ബച്ചാവോ ആന്തോളൻ എന്ന എൻജിഒയും ഇതിന് വേണ്ടിയുള്ള സാങ്കേതിക സഹായം നൽകി.

ഇത്തരം കുറ്റകൃത്യങ്ങൾ അഞ്ച് വർഷം വരെ ശിക്ഷ യും, 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.

Share This News

0Shares
0