പാക്കിസ്താനെതിരായ ഏഷ്യ കപ്പ് ട്വൻ്റി-ട്വൻ്റിയിൽ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ക്രിക്കറ്റ് ലോകമൊന്നടങ്കം ഉറ്റുനോക്കിയ പോരാട്ടത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. ബാറ്റുകൊണ്ടും (17 പന്തിൽ 33 റൺ), ബോളുകൊണ്ടും(3 വിക്കറ്റ്) മിന്നുന്ന പ്രകടനം നടത്തിയ ഹർദിക് പാണ്ഡ്യയും വിജയത്തിനടുത്തു വരെ പാണ്ഡ്യക്ക് ഒപ്പം പോരാടിയ (29 പന്തിൽ 35 റൺ) രവീന്ദ്ര ജഡേജയും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
19.5 ഓവറിൽ പാക്കിസ്താൻ ഇന്നിങ്സ് 147 റണ്ണിന് ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി ഫാസ്റ്റ് ബൗളർമാരായ ഭുവനേശ്വർ കുമാർ നാലും ഹാർദിക് പാണ്ഡ്യ മൂന്നും അർഷ്ദീപ് സിങ് രണ്ടും ആവേശ് ഖാൻ ഒന്നും വിക്കറ്റുകളെടുത്തു. പാക്കിസ്താൻ ബാറ്റിങ് നിരയിൽ 42 പന്തിൽ 43 റണ്ണെടുത്ത മുഹമ്മദ് റിസ്വാനാണ് ടോപ് സ്കോറർ. ഇഫ്തിഖർ അഹമ്മദ് 22 പന്തിൽ 28 റണ്ണുമെടുത്തു. ക്യാപ്റ്റൻ ബാബർ അസവും ഫഖർ സമാനും ശദാബ് ഖാനും10 റൺ വീതമെടുത്തു മടങ്ങി. പതിനൊന്നാമനായി ഇറങ്ങി രണ്ട് സിക്സുകളുമായി ആറു പന്തിൽ 16 റണ്ണെടുത്ത ഷാനാവാസ് ദഹാനിയാണ് പാക്കിസ്താൻ റൺറേറ്റ് എഴിനു മുകളിൽ എത്തിച്ചത്. ഏഴു പന്തിൽ 13 റണ്ണുമായി ഹാരിസ് റൗഫ് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിലെ രണ്ടാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ബൗൾഡായി. യുവ പേസർ നസീം ഷാ ആയിരുന്നു ബൗളർ. എഡ്ജിൽ തട്ടിവന്ന പന്ത് സ്റ്റമ്പെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മക്കും അധികം പിടിച്ചു നിൽക്കാനായില്ല. 18 പന്തിൽ 12 റണ്ണുമായാണ് ക്യാപ്റ്റൻ മടങ്ങിയത്. പൂർണ ഫോമിലേക്കെത്താൻ കഴിഞ്ഞില്ലെങ്കിലും ഒരു സിക്സും മൂന്നു ഫോറുമായി 34 പന്തിൽ 35 റണ്ണടിച്ച വിരാട് കോഹ്ലി ഇന്ത്യയുടെ റണ്ണുയർത്താൻ സഹായിച്ചു. സ്പിന്നർ മുഹമ്മദ് നവാസിൻ്റെ പന്തിൽ കൂറ്റൻ അടിക്കു ശ്രമിച്ച കോഹ്ലിയെ ബൗണ്ടറി ലൈനിനടുത്ത് ഇഫ്ത്തിഖർ അഹമ്മദ് കയ്യിലൊതുക്കി. നിലയുറപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും 18 പന്തിൽ 18 റണ്ണുമായി സൂര്യകുമാർ യാദവും മടങ്ങി. നസീം ഷായുടെ പന്തിൽ ഓഫ് സ്റ്റമ്പ് തെറിച്ചു. തുടർന്നായിരുന്നു ജഡേജ- ഹർദിക് കൂട്ടുകെട്ട് പിറന്നത്.
അവസാന മൂന്ന് ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 32 റൺ വേണമായിരുന്നു. നസീം ഷാ എറിഞ്ഞ 18-ാമത്തെ ഓവറിൽ രവീന്ദ്ര ജഡേജയുടെ സിക്സറിൻ്റെ സഹായത്തോടെ ഇന്ത്യ 11 റൺ കൂടി എടുത്തു. ഇതോടെ രണ്ടോവറിൽ വിജയ ലക്ഷൃം 21 റണ്ണായി. അവസാന ഓവറിൽ വിജയലക്ഷ്യം ഏഴു റണ്ണായി. 29 പന്തിൽ 35 റണ്ണെടുത്ത ജഡേജ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗൾഡായതോടെ അഞ്ചു പന്തിൽ എഴു റൺ വേണമെന്നായി. സ്പിന്നർ നവാസിനായിരുന്നു വിക്കറ്റ്. രണ്ടാം പന്തിൽ ദിനേശ് കാർത്തിക് സിംഗിളെടുത്തു. മൂന്നാം പന്തിൽ റണ്ണെടുക്കാനായില്ല. നാലാം പന്ത് ബൗണ്ടറിക്കു മുകളിലൂടെ പറത്തി ഹർദിക് പാണ്ഡ്യ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.