ബാലസംഘത്തിലൂടെ വളർന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി വരെ; ഇനി അമരക്കാരൻ

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന് ചുമതല നിർവഹിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തതായി സിപിഐ എം സംസ്ഥാന കമ്മിറ്റിക്കു ശേഷം നൽകിയ വാർത്താക്കുറിപ്പിൽ പാർട്ടി അറിയിച്ചു. നിലവിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായ
എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമാണ്.

കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായാണ് ജനനം. ബാലസംഘത്തിന്റെയും ലൈബ്രറി പ്രസ്ഥാനത്തിന്റെയും പ്രവർത്തകനായിരുന്ന അദ്ദേഹം കെഎസ്എഫ് അംഗവും കണ്ണൂർ ജില്ലാ യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. DYFI-യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, CPIM കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 കാലങ്ങളിൽ നിയമസഭയിലെത്തി. ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂണിയൻ – അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ, എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

Share This News

0Shares
0