ഏഷ്യാ കപ്പിൽ ഇന്ത്യയുമായി ഏറ്റുമുട്ടാൻ പോകുന്ന പാക്കിസ്താന് അപകടകാരിയാവുക വിരാട് കോഹ്ലിയോ രോഹിത് ശർമ്മയോ കെ എൽ രാഹുലോ അല്ലെന്ന് പാക് ഇതിഹാസ താരം വസീം അക്രം. സൂര്യകുമാർ യാദവായിരിക്കും ആ ബാറ്ററെന്നാണ് വസീം അക്രത്തിൻ്റെ പ്രവചനം. ട്വൻ്റി-ട്വൻ്റി ഫോർമാറ്റിൽ അസാമാന്യമായ കളിക്കാരനാണ് സൂര്യകമാർ യാദവ്. ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗത്തേക്കും പന്തു പായിക്കാൻ കഴിയുന്ന 360 ഡിഗ്രി കളിക്കാരനാണദ്ദേഹം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിക്കുമ്പോളാണ് സൂര്യയുടെ ഷോട്ടുകൾ ആദ്യമായി ശ്രദ്ധിച്ചത്. അസാധാരണവും ബുദ്ധിമുട്ടേറിയതുമായ ഷോട്ടുകൾ അന്ന് കാണാനായി. സെറ്റായി കഴിഞ്ഞാൽ സ്പിന്നിനും ഫാസ്റ്റിനും ഒരുപോലെ അപകടകാരിയായ ബറ്ററാണ് സൂര്യകമാർ യാദവെന്നും അക്രം പറഞ്ഞു. സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അക്രം. 21 ട്വൻ്റി-ട്വൻ്റി മത്സരങ്ങളിൽനിന്ന് 37.33 ആവറേജിൽ 672 നേടിയ സൂര്യയുടെ സ്ട്രൈക്ക് റേറ്റ് 175.46 ആണ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വൻ്റി-ട്വൻ്റിയിൽ 55 പന്തിൽ 117 റൺ അടിച്ചെടുത്തപ്പോൾ അതിൽ 14 ഫോറും ആറ് സിക്സറുകളും അടങ്ങിയിരുന്നു. ഒരു ബാറ്റിങ് വിരുന്നുതന്നെയായിരുന്നു താരം കാഴ്ചവെച്ചത്. അഗസ്റ്റ് 28 നാണ് ഏഷ്യാ കപ്പിൽ ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാക്കിസ്താൻ മത്സരം അരങ്ങേറുന്നത്. ദുബായ് ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിലാണ് മത്സരം.