തീരശോഷണത്തിൻ്റെ കാരണം വിശദീകരിച്ച് മുഖ്യമന്ത്രി; തുറമുഖ നിർമാണം നിർത്തിവെക്കില്ലെന്നും സഭയിൽ വിശദീകരണം

Representative image from internet വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി വൻതോതിൽ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആരോപണം ഉണ്ട്. എന്നാൽ പാരിസ്ഥിതിക ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ട് എന്നും ആരോപിച്ച് ബഹു. സുപ്രീംകോടതിയിലും ദേശീയ ഹരിതട്രിബ്യൂണലിലും സമർപ്പിക്കപ്പെട്ട ഹർജികൾ നിരസിക്കുകയാണുണ്ടായത്. ഒരു വിധത്തിലുള്ള തീരശോഷണത്തിനും തുറമുഖ നിർമ്മാണം കാരണമാകുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ തുറമുഖ നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. ഹരിത ട്രിബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികൾ എല്ലാ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി ട്രിബ്യൂണലിന് റിപ്പോർട്ട് നൽകുന്നുണ്ട്.

2016 ൽ പുലിമുട്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുത്തതും നമ്മുടെ തീരത്തു വന്നെത്തിയതുമായ ചുഴലിക്കാറ്റുകൾ, ന്യൂനമർദ്ദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. നിർമ്മാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ 5 കി.മീറ്റർ ദൂരപരിധിയിൽ യായൊതു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമാണെന്ന് പറയാൻ കഴിയാത്ത നിലയാണ്.

ഇപ്പോൾ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്ന ഒന്നാണ് എന്ന് പറയാൻ പറ്റില്ല. എന്നാൽ ചില ഇടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമായാണ് ഇതിനെ കാണാൻ കഴിയുക. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സജീവമായി ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്.നമ്മുടെ നാടിന്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷെ പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വഭാവികമായും ചില ആശങ്കൾ ഉയരുമെന്നത് നാം കാണേണ്ടതുണ്ട്. ആ ആശങ്കകൾക്ക് ആക്കം കൂട്ടാനും അടിസ്ഥാന രഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ല. പദ്ധതികൾ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെയെന്ന സമീപനം വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്.

പ്രശ്നങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാണ് സർക്കാർ താൽപര്യപ്പെടുന്നത് ആ ശ്രമം സർക്കാർ തുടരുക തന്നെ ചെയ്യും. ആ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ഭാവിതലമുറയോടുള്ള അനീതി മാറും എന്ന് ഓർക്കേണ്ടതുണ്ട്. ഇപ്പോൾ വിഴിഞ്ഞം പദ്ധതി ഒരു യാഥാർത്ഥ്യമാണ്. അത് നല്ല രീതിയിൽ പുരോ​ഗമിച്ചു വരികയുമാണ്. സമയബന്ധിതമായി പൂർത്തികരിക്കലാണ് പ്രശ്നം. ഇത്രയുമെത്താൻ നാട് വലിയ രീതിയിൽ സംഭാവന നൽകിയിട്ടുണ്ട് എന്നും നാം ഓർക്കേണ്ടതായിട്ടുണ്ട്.

പശ്ചാത്തലസൗകര്യ വികസന പദ്ധതികളെ ഞങ്ങൾ സങ്കുചിത വീക്ഷണത്തോടെയല്ല ഞങ്ങൾ കാണുന്നത്. ഈ നാടിന്റെ വികസനത്തെപ്പറ്റി ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. അതിനാൽ വിഴിഞ്ഞം പദ്ധതിയെ അത് ഒരു തരത്തിലും നടപ്പാക്കേണ്ടതില്ല എന്നൊരു സമീപനം ഈ ഘട്ടത്തിൽ അം​ഗീകരിക്കാനാകില്ല. അത് ഈ സമൂഹത്തിന് അംഗീകരിക്കാൻ സാധ്യവുമല്ല. പ്രശ്‌നങ്ങൾ ഉണ്ടാകും, അത് ഇത്തരം പദ്ധതികളുടെ ഭാഗമായി സ്വാഭാവികവുമാണ്. അവയോട് സർക്കാർ സ്വീകരിക്കുന്ന സമീപനമാണ് പ്രധാനം. ഈ സർക്കാരിന്റെ സമീപനം തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ആരുടെയും ജീവനോപാധിയും പാർപ്പിടവും നഷ്ടപ്പെടില്ല എന്നതാണ് ആ ഉറപ്പ്. അതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This News

0Shares
0