കേന്ദ്ര ബിജെപി സർക്കാരിനെതിരെ ഗുരുതര വിമർശവുമായി വീണ്ടും മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്നതടക്കം കർഷകര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കാത്തത് സുഹൃത്തായ അദാനിയെ സഹായിക്കാനാണെന്ന് സത്യപാൽ മാലിക് ചൂണ്ടിക്കാട്ടി. ഹരിയാനയിലെ പാനിപ്പത്തിൽ അദാനി വലിയൊരു വെയർഹൗസ് നിർമിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഗോതമ്പ് ഇവിടെ സംഭരിച്ചിരിക്കുകയാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ ഗോതമ്പ് വിൽക്കും. അങ്ങനെ പ്രധാനമന്ത്രിയുടെ സുഹൃത്ത് വൻലാഭം ഉണ്ടാക്കുകയാണ്. രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം അദാനിക്ക് നൽകുകയാണെന്നും അഞ്ചുവർഷംകൊണ്ട് അദാനി ഏഷ്യയിലെ എറ്റവും വലിയ സമ്പന്നനായി മാറിയെന്നും
സത്യപാൽ മാലിക് ചൂണ്ടിക്കാട്ടി. ഹരിയാനയിലെ കിരാ ഗ്രാമത്തിൽ പശു സംരക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സത്യപാൽ മാലിക്കിൻ്റെ പ്രതികരണം. ബിജെപി പിന്തുണയിൽ ജമ്മു കാശ്മീരിലടക്കം ഗവർണറായിരുന്നിട്ടുള്ള ആളാണ് സത്യപാൽ മാലിക്. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കാശ്മീരിൻ്റെ പ്രത്യക പദവി എടുത്തു കളഞ്ഞ സമയത്ത് സത്യപാൽ മാലിക്കായിരുന്നു ഗവർണർ. കർഷകസമര കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയപ്പോഴും മാലിക്കിനെതിരെ കാര്യമായ പ്രതികരണം ബിജെപി നേതൃത്വത്തിൽ നിന്നും ഉണ്ടായില്ല. കാശ്മീരിൻ്റ പ്രത്യേക പദവി റദ്ദാക്കിയ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലാകണം മാലിക്കിനെതിരെ ബിജെപി നേതൃത്വം കടുത്ത പ്രതികരണങ്ങളിലേക്ക് കടക്കാൻ ഭയക്കുന്നതെന്നും റിപ്പോർട്ടുണ്ട്.