മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. 35 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് 14 വാർഡുകളിൾ ജയിച്ചു. കഴിഞ്ഞ തവണ എൽഡിഎഫിന് 28 സീറ്റുകളുണ്ടായിരുന്നു;
സിപിഐ എമ്മിന് 25 ഉം, സിപിഐക്കും ജനതാദളിനും ഐഎൻഎല്ലിനും ഓരോ സീറ്റു വീതവും. കഴിഞ്ഞ തവണ യുഡിഎഫിന് ഏഴു സീറ്റുകളായിരുന്നു; കോൺഗ്രസിന് നാലും ലീഗിന് മൂന്നും. ഏഴു സീറ്റുകൾ ഇത്തവണ യുഡിഎഫ് അധികം പിടിച്ചു. 2012ലും യുഡിഎഫ് 14 സീറ്റുകൾ നേടിയിരുന്നു.
ആറാം തവണയാണ് എൽഡിഎഫ് നഗരസഭയിൽ ഭരണം നേടുന്നത്. പഞ്ചായത്തായിരുന്ന മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കവും കേസുകളുമാണ് സംസ്ഥാനത്തെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരിൽ രൂപീകരണകാലം മുതൽ തിരഞ്ഞെടുപ്പ് വൈകി നടക്കാൻ കാരണം. ഇത്തവണ എൽഡിഎഫിൽ സിപിഐ എം 18 ഉം, സിപിഐയും ഐഎൻഎല്ലും ഓരോ സീറ്റും നേടി. യുഡിഎഫിൽ കോൺഗ്രസ് ഒമ്പതും മുസ്ലിം ലീഗിന് അഞ്ചും സീറ്റ് ലഭിച്ചു. ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സീറ്റുകളിൽ ബിജെപി മൂന്നാം സ്ഥാനത്തായി.