സിംബാബ്വെക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ യുവ താരം ശുഭ്മാൻ ഗില്ലിന് കന്നി സെഞ്ച്വറി. 82 ബോളിൽ നിന്നാണ് താരം തൻ്റെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തത്. 12 ഫോറുകളുടെ അകമ്പടിയോടെയുള്ള അവിസ്മരണീയമായ സെഞ്ച്വറിക്കാണ് ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. തൻ്റെ മുൻഗാമി രോഹിത് ശർമ്മയുടെ കന്നി സെഞ്ചുറിയെ (114) അനുസ്മരിപ്പിക്കുന്ന സെഞ്ച്വറിയാണ് അതേ ടീമിനെതിരെ അതേരാജ്യത്ത് ശുഭ്മാൻ ഗില്ലും നേടിയത്. രോഹിത്തിൻ്റെ സ്കോറും മറികടന്ന് മുന്നേറിയ ഗിൽ സിംബാംബ്വെക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും തൻ്റെ പേരിലാക്കി.97 പന്തിൽ 130 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 2015ൽ അംബാട്ടി റായിഡു നേടിയ 124 റണ്ണാണ് ഗിൽ മറികടന്നത്. 97 ൽ നിൽക്കെ ശക്തമായൊരു എൽബിഡബ്ലുവിനെ അതിജീവിച്ച ഗിൽ സെഞ്ച്വറിക്കുശേഷം ഒരു കൂറ്റൻ സിക്സറും പറത്തിയിരുന്നു.