അട്ടപ്പാടി കുരുക്കത്തികല്ല് ഊരിന്റെ സമീപത്തുള്ള നായ് മേട്ടു മലയിലെ വനത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, പാലക്കാട് IB ടീമും അട്ടപ്പാടി ഫോറെസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് 341 കഞ്ചാവ് ചെടികൾ വനത്തിനുള്ളിൽ പലഭാഗത്തായി കണ്ടെത്തിയത്. തുടർന്ന് അവ നിയമാനുസരണം നശിപ്പിച്ചു.
കഞ്ചാവ് ചെടികൾക്ക് 15 ദിവസം മുതൽ ഒന്നര മാസം വരെ പ്രായം ഉണ്ട്. ഒന്നര മാസം പ്രായമുള്ള ചെടികൾക്ക് ശരാശരി 170 CM ഉയരം വച്ചിട്ടുണ്ട്. ആർക്കും പെട്ടെന്ന് എത്തിപ്പെടാത്ത കാട്ടിനുള്ളിൽ കഞ്ചാവ് ചെടികൾ നട്ട് പൂർണ്ണ വളർച്ചയെത്തുമ്പോൾ വിളവെടുത്തു വിൽപ്പന നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. മണിക്കൂറുകളോളം ചെങ്കുത്തായ മലയിലും വന്യമൃഗങ്ങൾ ഉള്ള വനമേഖലയിലും സാഹസികമായി സഞ്ചരിച്ചാണ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടികൾ കണ്ടെത്തിയതെന്നും എക്സൈസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ആർ അജിത്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുമേഷ് .സി, പ്രിവൻ്റീവ് ഓഫീസർമാരായ ടീ .പി മണികണ്ഠൻ, സുമേഷ് എ കെ, സുരേഷ് ആർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ ജി, ബെൻസൺ ജോർജ്, ഷാബു കെ എ, പ്രശാന്ത് പി, സുമേഷ് കെ, വനിതാ സിവിൽ എക്സൈസ് ഓഫിസർ നിമ്മി എം, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ജിഷ്ണു, ഫോറസ്റ്റ് വാച്ചർ മാരിയപ്പൻ, എക്സൈസ് ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.