നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ ലഹരിമരുന്ന് ശേഖരവുമായി വിദേശത്ത് നിന്ന് വന്നയാള്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയിൽ 60 കോടി രൂപ വില വരുന്ന 30 കിലോ മെഥാ ക്വിനോള്‍ ആണ് പിടികൂടിയത്. സിംബാബ്‌വെയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുരളീധരന്‍ നായർ അറസ്റ്റിലായി. കസ്റ്റംസ്, നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെ പരിശോധനയിലാണ് അറസ്റ്റ്. സിംബാബ്‌വെയില്‍ നിന്ന് ദോഹ വിമാനത്താവളം വഴി നെടുമ്പാശേരിയിൽ ഇറങ്ങിയശേഷം ഇവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു ലഹരി മരുന്നു സൂക്ഷിച്ചിരുന്നത്. സ്കാനിങ് യന്ത്രത്തിലെ പരിശോധനയിലാണ് രഹസ്യ അറയിലെ മയക്കുമരുന്നു ശേഖരം കണ്ടെത്തിയത്. ആർക്കുവേണ്ടിയാണ് ഇത് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്.