സിംബാബ് വേക്കെതിരായ രണ്ടാം ഏകദിനത്തിൽ അഞ്ചു വിക്കറ്റിന് ഇന്ത്യൻ വിജയം. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഒരു മത്സരം അവശേഷിക്കെ 2-0 ത്തിന് ഇന്ത്യ പരമ്പര സ്വന്തമാക്കി. 38.1 ഓവറിൽ 161 റണ്ണിന് ആതിഥേയർ ഓൾ ഔട്ടായി. 25.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 167 റണ്ണെടുത്തു. ആദ്യ ഏകദിനത്തിലെ 10 വിക്കറ്റ് വിജയത്തിൻ്റെ തിളക്കം രണ്ടാം മത്സരത്തിന് ലഭിച്ചില്ലെങ്കിലും ആധികാരികമായിരുന്നു രണ്ടാം മത്സരത്തിലെ ഇന്ത്യൻ വിജയവും. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട
സഞ്ജു സാംസൻ്റെ മിന്നും പ്രകടനമായിരുന്നു രണ്ടാം മത്സരത്തിലെ പ്രത്യേകത. ഒരു പറക്കും ക്യാച്ചടക്കം മൂന്നു ക്യാച്ചുകളുമായി വിക്കറ്റിന് പിന്നിലും, നാല് വെടിക്കെട്ട് സിക്സറുകളടക്കം പുറത്താകാതെ 39 ബോളിൽ 43 റണ്ണുമായി ബാറ്റിങ്ങിൽ ടോപ് സ്കോററായും തിളങ്ങി മലയാളി താരം. ശിഖർ ധവാനും ശുഭ്മാൻ ഗില്ലും 33 റണ്ണു വീതമെടുത്തു. ബൗളിങ്ങിൽ ഷാർദൂൽ താക്കൂർ മൂന്നു വിക്കറ്റും മുഹമ്മദ് സിറാജും ദീപക് ഹൂഡയും അക്സർ പട്ടേലും ഓരോ വിക്കറ്റു വീതവും എടുത്തു. സീൻ വില്യംസും (42), റയാൻ ബേളും സിംബാവെ ബാറ്റിങ് നിരയിൽ തിളങ്ങി. തിങ്കളാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.