കസ്റ്റഡിയിൽ മർദ്ദനമേറ്റ യുവാവിൻ്റെ മരണം: എസ് ഐയും പൊലീസുകാരനും അറസ്റ്റിൽ

Representative image from internet വടകരയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന്‍ പരിസരത്ത് മരിച്ച സംഭവത്തിൽ രണ്ട്‌ പൊലീസുകാര്‍ അറസ്‌റ്റിൽ. എസ് ഐ നിജീഷ്, സിപിഒ ഗിരീഷ് എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വടകര താഴേ കോലോത്ത് സജീവൻ (42) ആണ് മരിച്ചത്‌. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സജീവനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വണ്ടികൾ തമ്മിൽ മുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ഥലത്തെത്തിയ പൊലീസ് സജീവനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിനുള്ളിൽവച്ച് സജീവന് പൊലീസിൻ്റെ മർദ്ദനമേറ്റിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് സജീവൻ പറഞ്ഞെങ്കിലും പൊലീസ് കാര്യമാക്കിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മർദ്ദനമേറ്റ സജീവൻ സ്റ്റേഷനില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപതിയിലെത്തിക്കാൻ പോലും പൊലീസുകാർ വാഹനം വിട്ടുകൊടുത്തില്ലെന്നും സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു.

Share This News

0Shares
0