കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. സ്വര്‍ണ്ണം കൈമാറാനായി കാത്തുനിന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തികൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ കെ എച്ച് അബ്ദുൾ നസീർ, കെ ജെ ജംഷീർ എന്നിവരാണ് സ്വർണം കടത്തിയത്. 640 ഗ്രാം സ്വർണമാണ് ഇവർ കൊണ്ടുവന്നത്. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഈ സ്വർണം കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം സ്വർണം മാത്രം കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ചതിനു ശേഷം ബാക്കിയുള്ള 320 ഗ്രാം സ്വർണം പുറത്ത് എത്തിച്ച് തരാമെന്ന് അവരുമായി ധാരണയിലെത്തി. സ്വർണം പുറത്തെത്തിച്ച് കൈമാറി പണം വാങ്ങാൻ ശ്രമിക്കുമ്പോഴാണ് മുനിയപ്പ കുടുങ്ങിയത്. നാല് മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് സൂപ്രണ്ട് ആയി ഇവിടെചുമതലയേറ്റത്. മുനിയപ്പയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തോളം രൂപയും യുഎഇ ദിർഹവും നിരവധി വിലപിടിപ്പുളള വാച്ചുകളും കണ്ടെടുത്തു.