‘തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഡാറ്റ സർക്കാർ നിരീക്ഷണ സംവിധാനങ്ങൾക്ക്‌ ലഭിക്കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനം’

Representative image from internet വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകൾ നടത്താതെ തെരഞ്ഞെടുപ്പ്‌ കമീഷൻ പുനരാരംഭിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണർക്ക്‌ കത്തയച്ചു. ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അർഹരായ വോട്ടർമാർ വോട്ടർപട്ടികയിൽ നിന്ന്‌ പുറത്താകാനും ഇടയാക്കുന്നതാണ്‌ നടപടി.

2015ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ്‌ രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്തായി. രാജ്യത്ത്‌ ഡാറ്റയോ സ്വകാര്യതയോ സംരക്ഷിക്കാൻ നിയമമില്ല. വോട്ടർമാരുടെ ആധാർവിവരങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷനും നയമില്ല. വോട്ടർപട്ടികയിൽ ഇരട്ടിപ്പ്‌ ഒഴിവാക്കാനാണ്‌ ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന്‌ പറയുന്നു. എന്നാൽ, ആധാറിൽ
ത്തന്നെ ഇരട്ടിപ്പുണ്ടെന്ന്‌ സിഎജി ഓഡിറ്റിൽ വ്യക്തമാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഡാറ്റ സർക്കാർ നിരീക്ഷണ സംവിധാനങ്ങൾക്ക്‌ ലഭിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്‌. ഇത്തരം പിഴവുകളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ്‌ കമീഷന്റെ അന്വേഷണ റിപ്പോർട്ട്‌ വരുംവരെ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിർത്തിവയ്‌ക്കണം.

വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയ ജനപ്രാതിനിധ്യ നിയമഭേദഗതി 2021 നിലവിൽവരുന്നതിനുമുമ്പ്‌ സമാഹരിച്ച എല്ലാ ആധാർവിവരങ്ങളും നീക്കംചെയ്യണം. പുതുതായി ബന്ധിപ്പിക്കുന്നതിന്റെ സാങ്കേതികപ്രക്രിയയും സ്വകാര്യതാനയവും രാഷ്‌ട്രീയപാർടികളുമായി പങ്കിടണം. ഈ സംവിധാനം ഐച്ഛികമായതിനാൽ വോട്ടർപട്ടിക-ആധാർ ബന്ധിപ്പിക്കൽ അവസാനിപ്പിക്കാൻ വോട്ടർമാർക്ക്‌ അവകാശം നൽകണം. എൻപിആർ, എൻആർസി പോലുള്ള പദ്ധതികൾക്കായി ഈ വിവരശേഖരം ആഭ്യന്തരമന്ത്രാലയത്തിന്‌ കൈമാറാനുള്ള ഏതു നീക്കത്തെയും എതിർക്കുമെന്നും കത്തിൽ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

Share This News

0Shares
0