കണ്ണൂരിലെ മയോര മേഖലയിൽ മൂന്നു പേർ മരിച്ചതടക്കമുള്ള ഉരുൾപൊട്ടലുകളിലേക്കും മണ്ണിടിച്ചിലിലേക്കും നയിച്ചതിൽ സമീപപ്രദേശങ്ങളിലെ ക്വാറികൾക്ക് പങ്കെന്ന വിമർശനം പ്രദേശവാസികളടക്കം ഉയർത്തുന്നു. പതിനാലോളം ക്വാറികളാണ് ഈ പ്രദേശങ്ങളിലുള്ളത്. കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലാണ് മൂന്നുപേർ മരിച്ച ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടി പാറക്കൂട്ടങ്ങളടക്കം ജനവാസപ്രദേശങ്ങളിക്ക് പതിച്ചു. മഴ ശക്തമായി തുടർന്നപ്പോഴും ക്വാറികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
ക്വാറികളിലൊന്ന് യുഡിഎഫ് കൺവീനറായിരുന്ന പി പി തങ്കച്ചൻ്റെ ബന്ധുക്കളുടേതാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സാമ്പത്തിക സ്രോതസാണ് ഈ ക്വാറിയെന്നും അരോപണമുണ്ട്. നിലവിൽ മാവോയിസ്റ്റ് കേസിൽ ജയിലിൽ കഴിയുന്ന രൂപേഷിൻ്റെ നേതൃത്വത്തിൽ, ജനജീവിതത്തിന് ഭീഷണിയാണെന്ന വിമർശനം ഉയർന്നിരുന്ന ഈ ക്വാറിക്കെതിരെ 2015ൽ ആക്രമണം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.. ഈ കേസിലുൾപ്പടെയാണ് യുഎപിഎ ചുമത്തപ്പെട്ട രൂപേഷ് ഏഴു വർഷമായി ജയിലിൽ ജയിലിൽ കഴിയുന്നത്. രൂപേഷിനെതിരെ എടുത്ത ചില യുഎപിഎ കേസുകൾ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത് അടുത്തിടെയാണ്. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലുമുണ്ടായ കണിച്ചാർ, കേളകം, പേരാവൂർ, കോളയാട് പഞ്ചായത്തുകളിലായി 4.88 കോടി രൂപയുടെ കൃഷിനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഈ പഞ്ചായത്തുകളിൽ ഇരുപത്തഞ്ചോളം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഇതിൽ അഞ്ച് സ്ഥലങ്ങളിൽ വലിയ ഉരുൾപൊട്ടലുകളാണ് ഉണ്ടായത്.