സിപിഐ എം നേതാവ് പി ജയരാജൻ്റെ കക്കടക വാവുബലിയേക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന വിമർശനവുമായി പാർട്ടിയും. കടക്കടക വാവുബലിക്കു മുന്നോടിയായി ജൂലൈ 27ന് ജയരാജൻ സമൂഹമാധ്യമമായ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പാണ് പാർട്ടിയുടെയും പാർട്ടി പ്രവർത്തകരുടെയും വിമർശനത്തിന് ഇടയാക്കിയത്. 27 ലെ പോസ്റ്റിന് കീഴിൽ നിരവധി പാർട്ടി അനുഭാവികൾ വിമർശന കമൻ്റുകളുമായി രംഗത്തെത്തിയിരുന്നു. ജയരാജൻ്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് പാർട്ടിയിൽ നിന്നാണ് വിമർശനമുണ്ടായ കാര്യം വ്യക്തമാകുന്നത്.
പുതിയ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ:
“ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു.
വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എൻ്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്.
നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക് പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.”