ഗൾഫിൽ നിന്നെത്തിയ തൃശൂർ ജില്ലക്കാരനായ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പുന്നയൂർ പഞ്ചായത്ത് കുരിഞ്ഞിയൂർ സ്വദേശി ഹാഫിസ് (22) ആണ് മരിച്ചത്. പൂണെയിലെ വൈറോളജി ലാബിലെ പരിശോധന ഫലമാണ് സ്ഥിരീകരണമായി പുറത്തുവന്നത്. ഇതോടെ രാജ്യത്ത് ആദ്യത്തെ മങ്കി പോക്സ് മരണമായി.
യുഎയിലെ റാസൽഖൈമയിൽ ജോലി നോക്കിയിരുന്ന ഹാഫിസ് ജൂലൈ 22നാണ് നാട്ടിലെത്തിയത്. യുഎഇയിൽവെച്ച് മങ്കി പോക്സ് ആണെന്ന് വ്യക്തമായിരുന്നെങ്കിലും നാട്ടിലെത്തിയപ്പോൾ ഇക്കാര്യം അറിയിച്ചില്ലെന്നാണ് പറയുന്നത്. നാട്ടിലെത്തി സുഹൃത്തുക്കൾക്കൊപ്പം പന്തുകളിച്ചിരുന്നു. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നു. എന്നാൽ 27 ന് കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചാവക്കാട് രാജ ആശുപത്രിയിലും പിന്നീട് തൃശൂർ ദയ ആശുപത്രിയിലും എത്തിച്ചു. 30ന് മരിച്ചു.
കരിപ്പൂരിലാണ് 22ന് പുലർച്ചെ ഹാഫിസ് വിമാനം ഇറങ്ങിയത്. വീട്ടിലേക്ക് കൂട്ടാൻ സുഹൃത്തുക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവരെയും കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഉമ്മയും സഹോദരിയുമാണ് വീട്ടിലുള്ളത്. ഇവരെയും വീട്ടിൽ പണിക്കു വന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഒപ്പം പന്തു കളിച്ചവരെയടക്കം കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. മങ്കി പോക്സിൽ മരണം അപൂർവമാണെങ്കിലും നാട്ടിലെത്തിയിട്ടും ചികിത്സ തേടാൻ വൈകിയതാണ് രോഗം കുടുതലായി മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.