ഇന്ത്യക്കെതിരായ അഞ്ചു മത്സര പരമ്പരയിലെ ആദ്യ ട്വൻ്റി-ട്വൻ്റിയിൽ പരാജയപ്പെടാനിടയായ പ്രധാന കാരണം ഓവർ എറിഞ്ഞു തീർക്കുന്നതിലെ കാലതാമസമെന്ന് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ. മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ തങ്ങൾക്ക് പറ്റിയ കനത്ത പിഴവ് ചൂണ്ടിക്കാട്ടിയത്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഓവറുകൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്തതിൻ്റെ ശിക്ഷയായി അവസാന രണ്ട് ഓവറുകളിൽ ഫീൽഡിങ് നിയന്ത്രണത്തിന് വിധേയരാകേണ്ടിവന്നു. ഇൻ്റർനാഷൺ ക്രിക്കറ്റ് കൗൺസിലിൻ്റെ ചട്ടപ്രകാരമായിരുന്നു ഇത്. ഇതു പ്രകാരം അവസാന രണ്ട് ഓവറിൽ 30 വാര സർക്കിളിനു പുറത്ത് നാലു ഫീൽഡർമാരെ മാത്രമേ നിർത്താൻ കഴിയുമായിരുന്നുള്ളൂ. അവസാന രണ്ട് ഓവറുകളിൽ ഇന്ത്യ 40 റണ്ണാണ് അടിച്ചെടുത്തത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 190 റൺ നേടിയ ഇന്ത്യക്കെതിരെ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺ നേടാനെ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞുള്ളു. അഗസ്റ്റ് രണ്ടിനാണ് രണ്ടാം മത്സരം.