വിമാനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മുഖ്യമന്ത്രി പിണറായി വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നിർദേശം. തിരുവനന്തപുരം വലിയതുറ പൊലീസിനാണ് നിർദേശം നൽകിയത്. തിരുവനന്തപുരം ഫസ്സ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ, നവീൻ എന്നിവർ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ രണ്ടു പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കെതിരെയും കേസെടുക്കാൻ ഉത്തരവുണ്ട്.
കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിയായിരിക്കുകയാണ്.
തൻ്റെ രക്ഷകനാവുകയാണ് ഇ പി ജയരാജൻ ചെയ്തതെന്നാണ് ജയരാജനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്. അതിനാൽ കേസ് എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ നിലപാടിനാണ് ഇപ്പോൾ കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചിരിക്കുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഫർസീനെയും നവീനെയും മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന ഇ പി ജയരാജൻ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് സംഭവത്തിൽ പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. പ്രതിഷേധത്തിന് ഫോണിലൂടെ ആസൂത്രണം ചെയ്ത കെ എസ് ശബരീനാഥൻ അടക്കമുള്ളവരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഉൾപ്പെടുത്തിയെങ്കിലും കോടതി ജാമ്യത്തിൽ വിടുകയാണ് ചെയ്തത്.