കോഴിക്കോടിൻ്റെ മലയോരപ്രദേശമായ തൊട്ടിൽപാലം പശുക്കടവിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി റിപ്പോർട്ട്. പശുക്കടവ് പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിലാണ് മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം എത്തിയത്. രണ്ടുദിവസം മുമ്പാണ് സംഭവം. രാത്രി ഏഴു മണിയോടെയായിരുന്നു മാവോയിസ്റ്റുകളുടെ ഭവന സന്ദർശനം. ബഫർ സോൺ നടപ്പാക്കാൻ ഒഴിപ്പിക്കലുണ്ടായാൽ ഒഴിഞ്ഞു പോകരുതെന്നും സംരക്ഷണമൊരുക്കാൻ പാർട്ടി ഒപ്പമുണ്ടാകുമെന്നും കുടുംബത്തോടു പറഞ്ഞതായാണ് റിപ്പോർട്ട്. പശുക്കടവിൽ ബഫർസോണിനെതിരെ പോസ്റ്റർ പതിപ്പിച്ചത് തങ്ങളാണെന്നും വീട്ടുകാരോട് ഇവർ വെളിപ്പെടുത്തി. മലയാളം കന്നട ഭാഷകളിലാണ് ഇവർ സംസാരിച്ചത്. 10 മിനിറ്റ് ഗൃഹസന്ദർശനം നടത്തിയ ശേഷം വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ഉണ്ണിമായ, ലത, സുന്ദരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞെന്നും റിപ്പോർട്ടുണ്ട്. കൂടെയുണ്ടായിരുന്നപുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല.