പെഗാസസ് ചാര സോഫ്റ്റുവെയർ ലിസ്റ്റിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

Image from internet ഇസ്രയേലിൻ്റെ പെഗാസസ് ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ വിവരങ്ങൾ ചോർത്തിയതായി പറയപ്പെടുന്ന ലിസ്റ്റിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. സ്വതന്ത്രമാധ്യമ പ്രവർത്തകനായ രൂപേഷ് കുമാർ സിങ്ങിനെയാണ് കഴിഞ്ഞ ദിവസം ഝാർഖണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ മുതിർന്ന നേതാവെന്ന് കരുതപ്പെടുന്ന കിഷൻധാ എന്ന പ്രശാന്ത് ബോസുമായി ബസപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രശാന്ത് ബോസിനും പാർട്ടിക്കും സാമ്പത്തിക സഹായം എത്തിച്ചു കൊടുത്തു എന്നാണ് രൂപേഷ് കുമാർ സിങ്ങിനെതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റം. 2021ൽ എഫ്ഐആർ ഇട്ട കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലുള്ള രൂപേഷ്കുമാറിൻ്റെ വീട്ടിൽ പുലർച്ചെ എത്തി അറസ്റ്റ് ചെയ്തത്. യുഎപിഎ ഉൾപ്പടെയുള്ള വകുപ്പുകൾ ചാർത്തിയാണ് അറസ്റ്റ്. 2019 ൽ ബീഹാറിൽ വെച്ചും രൂപേഷ് കുമാർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ആദിവാസികൾ ഉൾപ്പടെയുള്ള പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചുള്ള റിപ്പോർട്ടുകളാണ് രൂപേഷ് കുമാറാർ സിങ് വിവിധ മാധ്യമങ്ങൾക്കുവേണ്ടി ചെയ്തിട്ടുള്ളത്. ആദിവാസികൾക്കെതിരായി നടന്ന പൊലീസ് പീഡനങ്ങളടക്കം ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. പെഗാസസ് സോഫ്റ്റുവെയർ ഉപയോഗിച്ച് തനിക്കെതിരെ ചാരപ്രവർത്തി നടത്തിയിട്ടുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രൂപേഷ് കുമാർ സിങ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് നാടകീയമായ അറസ്റ്റ്.

Share This News

0Shares
0