മെൻ്ററിൽ അവകാശലംഘന നോട്ടീസ്: മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

Image from internetനിയമസഭയിൽ മെൻ്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. കോൺഗ്രസ് എംഎൽഎ മാത്യു കുഴലനാടൻ നൽകിയ അവകാശലംഘന നോട്ടീസിലാണ് സ്പീക്കർ എം ബി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം തേടിയത്. ജൂലൈ ഒന്നിനായിരുന്നു നോട്ടീസ് നൽകിയത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൻമേൽ നടന്ന ചർച്ചയിലാണ് മെൻ്റർ വിവാദം ഉയർന്നു വന്നത്.

സർക്കാരിൻ്റെ കരാറുകൾ ലഭിച്ചിട്ടുള്ള കൺസൾട്ടിങ് കമ്പനിയാണ് പിഡബ്ല്യുസി. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് സർക്കാർ പ്രോജക്ടിൽ നിയമനം നൽകിയത് പിഡബ്ല്യുസിയായിരുന്നു. പിഡബ്ല്യുസിയുടെ ഡയറക്ടർമാരിൽ ഒരാളായ ജെയ്ക് ബാലകുമാറിനെ തൻ്റെ മെൻ്ററായി (മാർഗദർശി) മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ചർച്ചക്കിടെ മാത്യു കുഴലനാടൻ പറഞ്ഞു. കുഴലാടൻ്റെ പ്രസ്താവനയോട് രോഷാകുലനായി പ്രതികരിച്ച മുഖ്യമന്ത്രി, പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറഞ്ഞതെന്നും ആരോപണ വിധേയനായ ആൾ മെന്‍ററാണെന്ന് മകൾ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും ആയിരുന്നു സഭയിൽ പറഞ്ഞത്‌.

വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് എന്ന ഐടി കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിനെ മെൻ്ററായി പറഞ്ഞിരുന്നത് മാത്യു കുഴലനാടൻ പിന്നീട് രേഖകളുമായി നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നൽകിയതെന്ന് കാണിച്ചാണ് കുഴലനാടൻ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകിയത്.

Share This News

0Shares
0