നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തലവനെ മാറ്റിയത് ആൻ്റി ക്ലൈമാക്‌സെന്ന് മലയാളം സിനിമാ വനിതാ കൂട്ടായ്മ

Image from internetനടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തലവനായ എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത് സിനിമയിലെ സ്ഥിരം ആൻ്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമെന്ന് മലയാളം സിനിമാ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാർ നടപടിയിലുള്ള ആശങ്ക ഡബ്ല്യുസിസി രേഖപ്പെടുത്തിയത്. ഞങ്ങൾക്ക് ആശങ്കയുണ്ട് എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്സ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ:

“ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. #Avalkkoppam “

Share This News

0Shares
0