സിൽവർ ലൈൻ സർവ്വെ കല്ലിടലിനെതിരെ പ്രതിഷേധിച്ചയാളെ ചവിട്ടി വീഴ്ത്തിയ പൊലീസ് നടപടിയിൽ സിപിഐ എം പിബി അംഗം ബൃന്ദ കാരാട്ടിനോട് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ട്വീറ്റ്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ഒഴിപ്പിക്കൽ നടപടിയും കേരളത്തിലെ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടിയും ജനങൾക്കെതിരായ അതിക്രമമാണെന്ന് ട്വീറ്റ് ചെയ്ത സതീശൻ ബൃന്ദ കാരാട്ടിനോട്, താങ്കൾ ഇത് കാണുന്നില്ലേയെന്നും ചോദിക്കുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സിൽവർ ലൈൻ സർവ്വെ കല്ലിടലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് നടപടി ഉണ്ടായത്. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടി വീഴ്ത്തിയിരുന്നു. ഇതിൻ്റെ ചിത്രമാണ് വി ഡി സതീശൻ ട്വിറ്ററിൽ പങ്കുവെച്ചത്. ജഹാംഗീർ പുരിയിൽ കഴിഞ്ഞ ദിവസം നടന്ന ഒഴിപ്പിക്കൽ നടപടിക്കെതിരെ ബൃന്ദ കാരാട്ട് ബുൾഡോസർ തടയാനെത്തിയിരുന്നു. രണ്ടിടത്തും ജനങ്ങൾക്കെതിരായ അതിക്രമമാണ് നടന്നതെന്നും സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരായ അതിക്രമം ബൃന്ദ കാരാട്ട് കാണുന്നില്ലെ എന്നാണ് സതീശൻ ട്വീറ്റിൽ പ്രധാനമായും ഉന്നയിക്കുന്നത്. https://twitter.com/vdsatheesan/status/1517043632817455104?t=9knG5Q_15EbVXcwz-yASsw&s=19