മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി
പി ശശിയെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന കമ്മിറ്റി ഒറ്റക്കെട്ടായാണ് എടുത്തതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി ജയരാജൻ. സംസ്ഥാന കമ്മിറ്റിയെടുത്ത
തീരുമാനത്തിൽ താനും പങ്കാളിയാണ്.
മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടിയാണ്. പി ശശി ഭരണപരിചയമുള്ളയാളാണ്. സംസ്ഥാനകമ്മിറ്റിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്തു പറയാനാകില്ലെന്നും പി ജയരാജൻ പറഞ്ഞു. കമ്മിറ്റിക്കുള്ളിൽ പി ജയരാജൻ പി ശിയുടെ നിയമനത്തെ വിമർശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടായിരുന്നു പി ജയരാജൻ്റെ വിശദീകരണം. മാധ്യമപ്രവർത്തകർ വീണ്ടും എടുത്തു ചോദിച്ചപ്പോൾ ശശി നല്ല ഭരണപരിചയമുള്ള ആളാണെന്ന് താൻ പറഞ്ഞുവല്ലൊ എന്ന് ചിരിച്ചുകൊണ്ടുള്ള മറുപടിയും പി ജയരാജനിൽ നിന്നും ഉണ്ടായി.
ഇ കെ നയനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി ശശി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് ഒതുക്കി തീർക്കാൻ നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നപ്പോൾ പി ശശി ഇടപെട്ടുവെന്ന് ആരോപണമുയർന്നിരുന്നു. പിന്നീട് കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവിൻ്റെ ഭാര്യയെയും കർഷക സംഘം നേതാവിൻ്റെ മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു. പീഡന ആരോപണങ്ങളിൽ പാർട്ടിക്കുള്ളിൽ അന്വേഷണം ഉണ്ടാവുകയും തുടർന്ന് ശശിക്ക് നടപടി നേരിടേണ്ടി വരുകയും ചെയ്തിരുന്നു. ആദ്യമൊന്നും പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം ശശിക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെയാണ് നടപടിക്ക് നിര്‍ബന്ധിതമായത്. സംസ്ഥാന സെക്രട്ടറിയറ്റ് ചേർന്ന് ശശിക്കെതിരെ സസ്പെൻഷനാണ് നിർദേശിച്ചതെങ്കിലും സംസ്ഥാന കമ്മിറ്റി പുറത്താക്കൽ തീരുമാനം എടുക്കുകയായിരുന്നു.
ഇപ്പോൾ വീണ്ടും ശശി സംസ്ഥാന കമ്മിറ്റിയിലെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. പഴയ കാര്യങ്ങൾ ആവർത്തിക്കാൻ ഇടയുണ്ടെന്നായിരുന്നു പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. മുമ്പ് ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വാദിച്ചവരിൽ പി ജയരാജനും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പീഡന പരാതികളിൽ ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടവരിൽ ഷൈലജ ടീച്ചറും ഉണ്ടായിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. പുതിയ നിയമന വിവാദത്തിൽ ശൈലജ ടീച്ചറുടെ പ്രതികരണം ഇതു വരെ ഉണ്ടായിട്ടില്ല. കേന്ദ്ര കമ്മിറ്റിയംഗമായ ഷൈലജ ടീച്ചർ ഈ വിഷയം കേന്ദ്രകമ്മിറ്റിയിൽ ഉന്നയിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്; പ്രത്യേകിച്ചും മഹിളാ കോൺഗ്രസ് അധ്യക്ഷയായ ജെബി മേത്തർ എം പി ഉൾപ്പടെയുള്ളവർ ഈ വിഷയം സജീവ ചർച്ചയാക്കുന്ന പശ്ചാത്തലത്തിൽ.