വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ആസ്ട്രേലിയ. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റൺസിന് പരാജയപ്പെടുത്തിയാണ് ആസ്ട്രേലിയ കപ്പുയർത്തിയത്. ആസ്ട്രേലിയയുടെ അഞ്ചു വിക്കറ്റ് നഷ്ടത്തിലുള്ള 356 റണ്ണിന് മറുപടിയായി 43.4 ഓവറിൽ 285 റണ്ണിന് ഇംഗ്ലീഷ് വനിതകളുടെ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിനായി 148 റണ്ണുമായി പുറത്താകാതെ നിന്ന നാറ്റ് സിവറിന് നിരാശയോടെ മടങ്ങേണ്ടി വന്നു. ഒമ്പതു വിക്കറ്റു വരെ വിജയപ്രതീക്ഷ നിലനിർത്തിയ ശേഷമായിരുന്നു ഇംഗ്ലണ്ടിൻ്റെ കീഴടങ്ങൽ. ഓപ്പണറായി ഇറങ്ങിയ അലീസിയ ഹീലിയാണ് 170 റണ്ണടിച്ച് ആസ്ട്രേലിയയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 68 റൺ നേടിയ ഹെയ്ൻസുമായി ചേർന്ന് 160 റണ്ണിൻ്റെ റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ ഹീലി, പുരുഷ, വനിതാ ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്ണടിച്ച താരവുമായി.