കെ റെയിൽ പദ്ധതിക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പോസ്റ്റർ. ഞായറാഴ്ച രാവിലെ കോഴിക്കോട് താമരശ്ശേരി മട്ടിക്കുന്നിലാണ് പോസ്റ്റർ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കെ റെയിലിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. താമരശ്ശേരി മട്ടുക്കുന്നിലെ കടകളിലും ബസ് സ്‌റ്റോപ്പിലുമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. കേരളത്തെ വിഭജിച്ച് ജനങ്ങളുടെ ജീവിതത്തിന് നാശം ചെയ്യുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്നാണ് പോസ്റ്ററിലുള്ളത്.
മോദി-പിണറായി സർക്കാരുകളുടെ ജനവിരുദ്ധ പദ്ധതിയാണ് കെ റെയിലെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. താമരശ്ശേരി പൊലീസും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി. മുമ്പും സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിട്ടുണ്ട്. ഒരുതവണ ടൗണിൽ പ്രസംഗവും നടത്തിയാണ് തിരിച്ച് പോയതെന്നും റിപ്പോർട്ടുണ്ടായിരുന്നു.