കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ള തുടരുന്നു. പെട്രോൾ, ഡീസൽ വില വർധിപ്പിക്കൽ തുടർക്കഥയാക്കിയ കേന്ദ്ര സർക്കാർ വാണിജ്യ പാചകവാതക, സിഎൻജി വിലകളും കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 258.50 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് കോഴിക്കോട് 2285.50 രൂപയായി. കൊച്ചിയിൽ 2256ഉം തിരുവനന്തപുരത്ത് 2275ഉം ആയി. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിയ പാചക വാതകത്തിന് ദിവസങ്ങൾക്കു മുമ്പാണ് 50 രൂപ കൂട്ടിയത്. ഒരു കിലോ സിഎന്‍ജിക്ക് ഒമ്പത് രൂപയാണ് ഇപ്പോൾ കൂട്ടിയത്. കൊച്ചിയില്‍ വില 80 രൂപ ആയി. വിവിധയിടങ്ങളിൽ 85 രൂപവരെ നൽകണം. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പൊറുതിമുട്ടി ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുമ്പോഴാണ് ഈ വർധന. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 15.05 രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. ഡീസൽ വില 100 ഉം പെട്രോൾ വില 110 ഉം കടന്നു.