കേരളത്തിലേക്ക് കഞ്ചാവു കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ആന്ധ്രാ സ്വദേശിയായ 21 കാരൻ പിടിയിൽ

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധർമ്മതേജ (21) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറിൽ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയിൽ നിന്നും കഞ്ചാവ് നൽകിയത് ഇയാളാണ്. ഇതുമായി ബന്ധപ്പെട്ട് കണ്ണികളായ ഒമ്പത് പേരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. അതിന്‍റെ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലാക്കുന്നത്.

കൊറിയർ വഴി കഞ്ചാവ് അയച്ച് നേരത്തെ പിടിക്കപ്പെട്ട കളരിക്കൽ ഗോകുലിനെ ധർമ്മതേജ വിശാഖപട്ടണത്തിലെ ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗോകുൽ കഞ്ചാവ് കച്ചവടത്തിൽ ധർമ്മതേജയുടെ പങ്കാളിയായി. നിരവധി പ്രാവശ്യം ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ധർമതേജയുടെ പിതാവും, സഹോദരനും നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതികളുമാണ്. ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തു നിന്നാണ്  നിരവധി കേസുകളിലെ പ്രതിയായ ഇയാളെ പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിലുള്ള പെരുമ്പാവൂർ എ.എസ്.പി. അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ റിൻസ് .എം തോമസ്, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒ പി.എ അബ്ദുൽ മനാഫ് (കുന്നത്തുനാട്), എം.ബി.സുബൈർ, ജിഞ്ചു കെ. മത്തായി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Share This News

0Shares
0