കെ റെയിൽ: ‘കല്ലിടൽ, സ്ഥലം ഏറ്റെടുത്തു കഴിഞ്ഞെന്നു വരുത്തി വിദേശ വായ്പ നേടിയെടുക്കാൻ’

Image from internetസിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള സർവ്വേ നടത്തുന്നതിന് തടസ്സം നിൽക്കാനാവില്ലെന്ന പരാമർശത്തോടെ അപ്പീൽ തള്ളിയ സുപ്രീംകോടതി വിധി, ഈ പദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരകണക്കായ ജനങ്ങളുടെ ആശങ്കകൾ വേണ്ട രീതിയിൽ അപഗ്രഥിച്ചുണ്ടായിട്ടുള്ളതല്ലെന്ന് കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി.

കേരളമെന്ന അതീവ പരിസ്ഥിതി ലോലമായ ഈ നാട് കൊടിയ പ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും മേൽ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി. ഈ നാടിനെ സ്നേഹിക്കുന്ന ഒരാൾക്കും ഇത്തരമൊരു നിർമ്മാണം അനുവദിക്കാൻ കഴിയുകയില്ല.

സിൽവർ ലൈൻപദ്ധതി മൂലം ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾ അനാഥമാക്കപ്പെടും. വമ്പിച്ച കടക്കെണിയിൽ മുങ്ങി നിൽക്കുന്ന നാടിനെ, സമൂഹത്തിലെ ചെറിയ ഒരു വിഭാഗം വരേണ്യ വർഗ്ഗത്തിന് യാത്ര സൗകര്യം ഒരുക്കാൻ വേണ്ടി വീണ്ടും മറ്റൊരു രണ്ട് ലക്ഷം കോടിക്ക്‌ കടപ്പെടുത്തുന്നത് അനുവദിക്കാനാകില്ല. ജനേച്ഛ കണക്കിലെടുക്കാതെയുള്ള കോടതി വിധികൾ ജനാധിപത്യ സംവിധാനത്തിന് അനുഗുണമല്ലന്ന് സമര സമിതി വിലയിരുത്തുന്നു. ആയതിനാൽ സിൽവർ ലൈനെന്ന ഈ വിനാശ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളിൽ ശക്തമായി തുടരുന്നതാണ്.

സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറി കല്ലിടുന്നത് നിലനിൽക്കുന്ന നിയമ വ്യവസ്ഥകളുടെ ലംഘനമാണ്. റവന്യൂ വകുപ്പിന്റെ നിർദ്ദേശപ്രകാരമല്ല കല്ലിടുന്നതെന്ന് റവന്യൂ മന്ത്രി ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. ഗൂഢ നീക്കങ്ങളിലൂടെ പിൻവാതിലിലൂടെ കടന്നുവന്ന പദ്ധതിയെ സംബന്ധിച്ച് സംശയങ്ങളും അവ്യക്തതകളും വർധിപ്പിക്കുന്ന തരത്തിലാണ് സർക്കാരും കെ റെയിൽ കോർപറേഷനും തുടർച്ചയായി പ്രസ്താവനകൾ നടത്തുന്നത്.

സ്ഥലം ഏറ്റെടുത്തു കഴിഞ്ഞെന്നു വരുത്തി എത്രയും വേഗം വിദേശ വായ്പ നേടിയെടുക്കാനാണ് നിയമം ലംഘിച്ചു കല്ലിടുന്നതെന്നു ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. കേരള ജനതയുടെ നിലനിൽപ്പിനെയും ആവാസ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പോരാട്ടവുമായി സമിതി മുന്നോട്ടു പോകും.

ജനങ്ങളുടെ ജനാധിപത്യ പ്രബുദ്ധതയിലും സംഘടിതമായി സമാധാനപരമായ ചെറുത്തുനിൽപ്പിന്റെ മാർഗം മാത്രമാണ് സമിതി ഇതുവരെ അനുവർത്തിച്ചു പോന്നത്. ഈ മാർഗത്തിൽ ജനങ്ങൾ വിജയിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് സമീപകാല കർഷക സമരത്തിന്റെ അനുഭവങ്ങൾ തെളിയിക്കുന്നത്. കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഒരു നിയമ യുദ്ധത്തിലും നേരിട്ട് കക്ഷിയല്ല. അതുകൊണ്ടുതന്നെ ജനദ്രോഹപരമായ ഇത്തരം വിധികൾ പാലിക്കുവാൻ കേരള ജനത ബാധ്യസ്ഥരും അല്ല എന്ന് കൂടി ഈ സന്ദർഭത്തിൽ ഓർമ്മപ്പെടുത്തുന്നു.

Share This News

0Shares
0