‘5 കോടിയുടെ സ്വത്ത് എവിടെ നിന്നാണെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കണം’

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചോദിച്ചു. പദ്ധതിയില്‍ ദുരൂഹതയും ആശയക്കുഴപ്പവും ഇപ്പോഴും തുടരുകയാണ്. മന്ത്രി സജി ചെറിയാന്‍ ബഫര്‍ സോണ്‍ ഇല്ലെന്ന് പറഞ്ഞു. പിന്നീട് കെ-റെയില്‍ എംഡി ബഫര്‍ സോണ്‍ ഉണ്ടെന്ന് പറഞ്ഞു. മുഖ്യമന്ത്രി അത് ശെരിവച്ചു. അതുപോലെ 64000 കോടി രൂപയാണ് ഇതിന്റെ മൊത്തം ചെലവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അതിന് മുന്‍പ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് 80000 കോടി രൂപയാണെന്നാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റലും ഡിപിആറില്‍ വ്യത്യസ്ത വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കുന്നതും വ്യത്യസ്തമായ മറുപടി. ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഡാറ്റാ തിരിമറി നടത്തിയിരിക്കുകയാണ്.

പദ്ധതിക്ക് വേണ്ടി കല്ലിടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സമര സമിതിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ സമരം നടക്കുകയാണ്. ഒരു സ്ഥലത്തും സമരക്കാരുടെ ഭാഗത്ത് നിന്നും അക്രമം ഉണ്ടായിട്ടില്ല. എന്നാല്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പറഞ്ഞ് സമരക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഇത്തരം വിരട്ടലുകളിലൂടെ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. സമരം ശക്തിയായി മുന്നോട്ട് പോകും.

സാമൂഹിക ആഘാത പഠനത്തിന് വേണ്ടി കല്ലിടേണ്ട ആവശ്യമില്ല. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്. സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം സ്ഥലം മാര്‍ക്ക് ചെയ്താല്‍ മതി. സമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ സര്‍വെയോ മണ്ണ് പരിശോധനയോ നടത്താതെ എങ്ങനെയാണ് ഡി.പി.ആര്‍ തയാറാക്കിയത്? മണ്ണിന്റെ ഘടന അപകടമാണെന്നും സ്പീഡ് ട്രെയിന്‍ ഓടിക്കാന്‍ പറ്റിയ സ്ഥലമല്ലെന്നും കഴിഞ്ഞ ദിവസം മെട്രോമാന്‍ ഇ ശ്രീധരന്‍ വ്യക്തിമാക്കിയിട്ടുണ്ട്. മണ്ണിന്റെ ഘടന പരിശോധിക്കണമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ ലൂസായ മണ്ണാണെന്ന് പറഞ്ഞ് ചിലര്‍ ട്രോള്‍ ഇറക്കി. അതുതന്നെയാണ് ഇ ശ്രീധരന്‍ പറഞ്ഞത്. കേരളം മുഴുവന്‍ കെ- റെയിലിന് എതിരായ സമരം നടക്കുകയാണ്. യു.ഡി.എഫ് ആ സമരത്തിനൊപ്പമാണ്. ഇടതുപക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും സമരത്തിനൊപ്പമുണ്ട്. സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിയാണ് കല്ലിടുന്നത്. സ്ഥലം ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന്റെ പേരില്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ പദ്ധതിയില്‍ അടിമുടി ദുരൂഹതയാണ്.

സിൽവർ ലൈൻ അലൈന്‍മെന്റ് മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ എട്ട് മാസം മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സ്വത്ത് വിവര കണക്കില്‍ 32 ലക്ഷം രൂപയുടെ സ്വത്ത് മാത്രമെ തനിക്കുള്ളെന്നാണ് പറഞ്ഞിരിക്കുന്നത്. സ്വത്ത് വിവര കണക്കില്‍ തെറ്റ് പറ്റിയതാണെന്നോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം 5 കോടിയുടെ സ്വത്ത് ഉണ്ടാക്കിയെന്നോ വേണം മനസിലാക്കാന്‍. ഇതേക്കുറിച്ച് മന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്. 5 കോടിയുടെ സ്വത്ത് എവിടെ നിന്നാണ് കിട്ടിയതെന്ന് മന്ത്രി തന്നെ പറയണം. മന്ത്രി എന്ന നിലയില്‍ സ്രോതസ് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തമുണ്ട്.

Share This News

0Shares
0