പഞ്ചാബിൽ എംഎൽമാർ വാങ്ങിക്കൊണ്ടിരുന്ന വൻ പെൻഷൻ തുക വെട്ടിക്കുറച്ച് പുതിയ എഎപി സർക്കാർ. പെൻഷൻ ഇനത്തിൽ മുൻ എംഎൽഎമാർ ഓരോമാസവും വാങ്ങിയിരുന്നത് 5.25 ലക്ഷം രൂപവരെയാണ്. ഇനി മാസം പരമാവധി 75000 രൂപയിൽ കൂടുതൽ എംഎൽഎമാർക്ക് പെൻഷൻ ലഭിക്കില്ല.
പെൻഷൻ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചുള്ള മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ചുവർഷം കൊണ്ട് 80 കോടി രൂപ പെൻഷൻ വെട്ടിക്കുറയ്ക്കുന്നതിലൂടെ ലാഭിക്കാമെന്നും ഈ പണം ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവധി അനുസരിച്ച് 2.5 ലക്ഷം, 3.5 ലക്ഷം, 4.5ലക്ഷം പരമാവധി 5.25 ലക്ഷം എന്നിങ്ങനെയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ അനുവദിച്ചിരുന്നത്. കോൺഗ്രസ് നേതാക്കളായ രജീന്ദർ കൗർ ഭട്ടാൽ, ലാൽ സിങ്, അകാലിനേതാവ് സർവൻ സിങ് എന്നിവർ മാസം 3.5 ലക്ഷം രൂപ പെൻഷൻ വാങ്ങിയിരുന്നു.