സമനിലയെങ്കിലും പിടിക്കാൻ ചെറുത്തു നിന്ന പാക് പടയെ സ്പിന്നർ സ്ഥാൻ ലിയോണിൻ്റെ നേതൃത്വത്തിലുള്ള ബൗളിങ് സംഘം എറിഞ്ഞു വീഴ്ത്തിയപ്പോൾ പാക് മണ്ണിൽ ഏറെ വർഷത്തിനു ശേഷം കളിച്ച ടെസ്റ്റ് പരമ്പര സ്വന്തമാക്കി കങ്കാരുക്കൾ. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ റാവൽപിണ്ടിയിൽ നടന്ന ആദ്യ മത്സരവും കറാച്ചിയിൽ നടന്ന രണ്ടാം മത്സരവും സമനിലയിലാണ് അവസാനിച്ചത്. ലാഹോറിൽ അരങ്ങേറിയ മൂന്നാം ടെസ്റ്റിൽ 115 റണ്ണിൻ്റെ വിജയമാണ് സ്വന്തമാക്കിയത്. അസാന ദിവസം പാക്കിസ്താൻ്റെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയ സ്ഥാൻ ലിയോണാണ് കളിയുടെ ഗതി മാറ്റിയത്.. 351 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ പാക്കിസ്താനെ 235 റണ്ണിൽ അവസാനിപ്പിച്ചു. 70 റണ്ണടിച്ച ഇമാം ഉൾ ഹഖും 57 റണ്ണടിച്ച ക്യപ്റ്റൻ ബാബർ അസമുമാണ് പാക് നിരയിൽ പിടിച്ചു നിന്നത്. മൂന്നു വിക്കറ്റ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് അവസാന കുറ്റിയും പിഴുതെറിഞ്ഞത്.
അസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 391 റണ്ണായിരുന്നു അടിച്ചത്.. രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റണ്ണിലെത്തി നിൽക്കെ ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്സിൽ 91 ൽ റണ്ണടിച്ച ഉസ്മാൻ ഖവാജ രണ്ടാം ഇന്നിങ്സിൽ 104 റണ്ണുമായി ഔട്ടാകാതെ നിന്നു. പരമ്പരയിൽ, ജൻമംകൊണ്ട് പാക്കിസ്താൻകാരനായ ഓസ്ട്രേലിയൻ ഓപ്പണറുടെ രണ്ടാം സെഞ്ചുറിയാണ് ലാഹോറിൻ്റെ മണ്ണിൽ നേടിയത്. വാർണറും (51 ) ലബുഷെയ്മാണ്(58) രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാർ. ആദ്യ ഇന്നിങ്സിൽ കാമറൂൺ ഗ്രീൻ 79ഉം, സ്റ്റീവ് സ്മിത്ത് 59 ഉം. അലക്സ് കാരി 67 ഉം റണ്ണെടുത്തിരുന്നു. പാക്കിസ്താനു വേണ്ടി പേസർമാരായ ഷഹീൻ അഫ്രീദിയും നസീം ഷായും നാലു വിക്കറ്റ് വീതം ഒന്നാം ഇന്നിങ്സിലെടുത്തു. നൗമാൻ അലിയും സാജിദ് ഖാനും ഓരോ വിക്കറ്റു വീതവും എടുത്തു.
പാക്കിസ്താൻ്റെ ഒന്നാം ഇന്നിങ്സ് 268 റണ്ണിന് അവസാനിച്ചിരുന്നു. അബ്ദുള്ള ഷഫീഖും(81, അസ്ഹർ അലിയും( 78), ബാബർ അസമും(67) ആണ് പാക്കിസ്താനെ 268 ലെത്തിച്ചത്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കു വേണ്ടി പേസർമാരായ പാറ്റ് കമ്മിൻസ് അഞ്ചും മിച്ചൽ സ്റ്റാർക്ക് നാലും വിക്കറ്റ് നേടി. സ്പിന്നർ നഥാൻ ലിയോൺ ഒരു വിക്കറ്റുമെടുത്തു. ആസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ മൂന്നു വിക്കറ്റുകൾ ഷഹീൻ അഫ്രീദിയും നസീം ഷായും നൗമാൻ അലിയുമാണ് പങ്കിട്ടെടുത്തത്.
351 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്താൻ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 73 റണ്ണുമായാണ് അഞ്ചാം ദിനം കളി തുടങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 136 ന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് കൃത്യമായ ഇടവേളകളിൽ പാക് പ്രതിരോധം തകർന്നടിയുകയായിരുന്നു.