കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് റിപ്പോർട്ട്. മെട്രോ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തലാൽ, മേപ്പാടി എസ്ഐ എബി വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്. ഇവവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടുണ്ട്. മെട്രോ സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. അനന്ദലാൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ സിഐയും എബി വിപിൻ എറണാകുളം നോർത്ത് സ്റ്റേഷൻ എസ്ഐയും ആയിരുന്നപ്പോഴാണ് പന്നമിടപാട് നടന്നത്. ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടായിരുന്നതിനാൽ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. മോൻസനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച ഉദ്യോഗസ്ഥർ കടം ആയാണ് പണം കൈപ്പറ്റിയതെന്നാണ് മൊഴി നൽകിയിട്ടുള്ളത്. പുരാവസ്തു തട്ടിപ്പിൽ മോൻസണെതിരെ കേസ് വരുന്നതിനു മുമ്പാണ് പണം വാങ്ങിയതെന്നും ഇരുവരും ന്യായീകരിച്ചെങ്കിലും പൊലീസ് ഓഫീസർമാർ ഇത്ര വലിയ തുക കൈപ്പറ്റിയത് സംശയാസ്പദമാണെന്നാണ് ഉന്നതതല വിലയിരുത്തൽ.