ഐപിഎൽ ക്രിക്കറ്റിന്റെ 15–-ാമത് സീസണ് ശനിയാഴ്‌ച തുടക്കംകുറിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് 7.30 ന് ആണ് മത്സരങ്ങൾ ആരംഭിക്കുക. രണ്ട് കളിയുള്ള ഞായറാഴ്‌ചകളിൽ വൈകിട്ട് 3.30 ന് ആദ്യ കളി ആരംഭിക്കും. പുതിയ ടീമുകളായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത് ടൈറ്റൻസും ഉൾപ്പെടെ ആകെ 10 ടീമുകളാണ് ഈ സീസണിൽ ഏറ്റുമുട്ടുന്നത്. മെയ് 29 നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 25 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയിൽ അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് ടീമുകൾ ഏറ്റുമുട്ടും. നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾ ബി ഗ്രൂപ്പിൽ ഏറ്റുമുട്ടും.