സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായിയിൽനിന്ന് 6.8 കോടി രൂപ തട്ടിയതിന് രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ മകൻ വൈഭവ് ഗെലോട്ടിനെതിരെ കേസ്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ വ്യവസായി സുശീൽ പാട്ടീലിന്റെ പരാതിയിൽ വൈഭവ് ഗെലോട്ട് അടക്കം 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വൈഭവ് ഗെലോട്ടും ഗുജറാത്തിലെ കോൺഗ്രസ് നേതാവായ സച്ചിൻ വലേരയും മറ്റ് 12 പേരും ചേർന്ന് പണം തട്ടിയെന്നാണ് കേസ്. രാജസ്ഥാൻ സർക്കാരിൻ്റെ ടൂറിസം വകുപ്പു നടപ്പാക്കുന്ന ഇ-ടൊയ്ലറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സുശീൽ പാട്ടീൽ നിക്ഷേപമായി 6.8 കോടി രൂപ നൽകിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും മകൻ വൈഭവ് ഗെലോട്ടുമായും തനിക്ക് വളരെ അടുപ്പമുണ്ടെന്നാണ് പാട്ടീലിനോട് വലേര പറഞ്ഞിരുന്നത്.
രണ്ടു വർഷം കഴിഞ്ഞിട്ടും നിക്ഷേപത്തിൽ നിന്നും വരുമാനത്തിൻ്റെ വിഹിതമൊന്നും ലഭിക്കാതെവന്നതോടെ ഫെബ്രുവരിയിൽ പരാതി നൽകി. എന്നാൽ കേസെടുത്തില്ല. തുടർന്ന് സുശീൽ പാട്ടീൽ നൽകിയ ഹർജി പരിഗണിച്ച നാസിക്കിലെ കോടതി മാർച്ച് 17ന് പൊലീസിനോട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.