ഭരണഘടനയുടെ പിതാവ് ഡോ. ബി ആർ അംബേദ്കറുടെ ജയന്തി പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പ്രമേയത്തിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഏപ്രിൽ 14 ആണ് അംബേദ്കറുടെ ജന്മദിനം. ഈ ദിവസം ഇപ്പോഴും പൊതു അവധിയല്ല. ക്ലോസ്ഡ് ഹോളി ഡേ ആയി പ്രഖ്യാപിക്കാറേയുള്ളൂ. ഓരോ കൊല്ലവും അംബേദ്കർ ജയന്തിക്ക് ഏതാനും ദിവസങ്ങൾക്കുമുൻപ് മാത്രമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാറുള്ളത്. ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര സർക്കാർ ഈ രീതിയാണ് പിൻതുടരുന്നത്.
അംബേദ്കർ ജയന്തി പൊതു അവധി ആയി പ്രഖ്യാപിക്കണം എന്ന സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുയരുന്ന അഭ്യർത്ഥന പരിഗണിക്കാതെയാണ് ഈ രീതി പിൻതുടരുന്നത്. രാജ്യത്തു നിലനിന്ന സാമൂഹിക മേല്ക്കോയ്മയും അനീതികളും തുടച്ചുനീക്കുന്നതിലും സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും വിലമതിക്കാനാവാത്ത സംഭാവനകളാണ് അംബേദ്കർ നല്കിയത്.
ഈ സാഹചര്യത്തിൽ 1881-ലെ നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് 25-ാം വകുപ്പനുസരിച്ച് അംബേദ്കർ ജയന്തി ‘പൊതു അവധി’ ആയി പ്രഖ്യാപിക്കാൻ സർക്കാർ അടിയന്തരനടപടികൾ കൈക്കൊള്ളണം. അടുത്ത കലണ്ടർ വർഷം മുതൽ ഇതു നടപ്പാക്കണമെന്നും ജോൺ ബ്രിട്ടാസ് പ്രമേയത്തിൽ നിർദ്ദേശിച്ചു.