ബംഗാളിലെ കൽക്കരി കുംഭകോണം: കളളപ്പണം വെളുപ്പിക്കൽ കേസിൽ മമതയുടെ ബന്ധുവായ തൃണമൂൽ നേതാവിനെ വീണ്ടും ചോദ്യം ചെയ്യുന്നു

Image from internetബംഗാളിൽ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മമത ബാനർജിയുടെ അനന്തരവനും എംപിയുമായി അഭിഷേക് ബാനർജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അഭിഷേകിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിർദ്ദേശം നൽകി. അഭിഷേകിന്റെ ഭാര്യ രുജിര ബാനർജിയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ഇ ഡി നീക്കത്തിനെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ഇ ഡി നേരത്തെയും അഭിഷേക് ബാനർജിയെ ചോദ്യംചെയ്തിരുന്നു. മൊഴി തൃപ്തികരമല്ലെന്നു കണ്ടാണ് വീണ്ടും ചോദ്യം ചെയ്യലിന് നീക്കം.

പൊതുമേഖലാ കമ്പനിയായ ഈസ്റ്റേൺ കോൾഫീൽഡ്സിൻ്റെ ഖനികളിൽ അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ചാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനധികൃത കൽക്കരി വിൽപ്പന ഇടപാടിലൂടെ ലഭിച്ച പണം അഭിഷേക് ബാനർജിയുമായി ബന്ധമുള്ള കമ്പനികളിലേക്ക് എത്തിയതായാണ് കരുതുന്നത്. സംഭവത്തിൽ സിബിഐയും സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്. തൃണമൂൽ നേതാക്കൾക്ക് കൽക്കരി മാഫിയ പണം നൽകാറുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

ഇ ഡിയെക്കൊണ്ട് തൃണമൂലിൻ്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് സംസ്ഥാന ഭരണം പിടിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ബിജെപി നീക്കമെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്.  ആയിരക്കണക്കിന് കോടി രൂപ കൽക്കരി കുംഭകോണത്തിലൂടെ തൃണമൂലിന് ലഭിച്ചിട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
തന്റെ അനന്തിരവനേയും കുടുംബത്തെയും ഉപദ്രവിക്കാൻ കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് മമത ബാനർജി നേത്തെ ഉന്നയിച്ചിട്ടുള്ള ആരോപണം.

Share This News

0Shares
0