നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ദുഃഖമില്ലെന്ന് കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. സെൽഫി എടുത്തത് സാധാരണ നടപടിയാണെന്നും അതിൽ ദുഃഖമില്ലെന്നും അവർ പറഞ്ഞു. ആലുവ നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സെൽഫി എടുത്തത്. താൻ മാത്രമല്ല വേറെയും ആളുകൾ ദിലീപിനൊപ്പം ആ ചടങ്ങിൽ സെൽഫി എടുത്തിരുന്നുവെന്നും ജെബി മേത്തർ പറഞ്ഞു. ദിലീപിനൊപ്പമുള്ള സെല്‍ഫി ചര്‍ച്ചയായതോടെയാണ് ജെബി മേത്തറിന്റെ വിശദീകരണം. അത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. നഗരസഭ പരിപാടിയില്‍ അതിഥികളെ തീരുമാനിക്കുന്നത് താനല്ല. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിലും പ്രതികള്‍ ആകാറുണ്ട്, അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ട്. നടിക്ക് വേണ്ടി പി ടി തോമസിനൊപ്പം പൊതു പരിപാടിയില്‍ പങ്കെടുത്ത ആളാണ് താനെന്നും ജെബി മേത്തര്‍ പറഞ്ഞു. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മേത്തര്‍ എടുത്ത സെല്‍ഫിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.