കൊച്ചിയിൽ പാലാരിവട്ടത്തെ ടാറ്റു സ്ഥാപനത്തിലെ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. ടാറ്റു ആർടിസ്റ്റ് കാസർകോട് സ്വദേശി കുൽദീപ് കൃഷ്ണ പീഡിപ്പിച്ചതായി മലപ്പുറം സ്വദേശിനിയാണ് പൊലീസിൽ പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. പാലാരിവട്ടം ഡീപ് ഇങ്ക് ടാറ്റു സ്ഥാപനത്തിലെ മുൻ മാനേജരായ യുവതിയാണ് കുൽദീപ് കൃഷ്ണയ്ക്കെതിരെ പരാതി നൽകിയത്. യുവതി സാമ്പത്തിക ക്രമക്കേട് നടത്തിയതായും ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും ഇപ്പോഴത്തെ മാനേജർ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ജനുവരിയിലാണ് യുവതി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചത്. ഈ കേസിൽ പാലാരിവട്ടം പൊലീസ് യുവതിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതി പീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകിയും ടാറ്റു ചെയ്യുന്നത് പഠിപ്പിച്ചു തരാമെന്നും പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. സ്വർണ്ണവും പണവുമടക്കം കുൽദീപ് തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്. സ്വകാര്യ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. എറണാകുളത്ത് നേരത്തെയും ടാറ്റു പീഡന പരാതി ഉയർന്നിരുന്നു.