സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുകയാണെന്നറിയിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നവകേരള രേഖ കൂടുതല്‍ ചര്‍ച്ചയ്ക്കായാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എല്ലാ മേഖലയിലുമുള്ള സർക്കാർ ഇടപെടലാണ് രേഖ മുന്നോട്ടു വെക്കുന്നത്. തുടര്‍ഭരണത്തിന് ദിശാബോധം കിട്ടാന്‍ വേണ്ടിയാണ് രേഖ അംഗീകരിച്ചത്. രേഖയിലെ കാഴ്ചപ്പാടുകള്‍ എല്‍ഡിഎഫിലെ പ്രകടന പത്രികയിലെ നിര്‍ദ്ദേശങ്ങളുടെ വികസിത രൂപമാണ്. നിലവിലെ രേഖ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങൾ കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് രേഖയാക്കി മാറ്റും. തുടർന്ന് ഇത് സര്‍ക്കാര്‍ രേഖയാക്കി മാറ്റി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ വികസന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നല്കിയ സര്‍ക്കാരുകള്‍ വഹിച്ച പങ്ക് പരിശോധിച്ച് 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണ് മുന്നോട്ട് വെച്ചത്. എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന കേന്ദ്ര നയത്തിൽ നിന്ന് വ്യത്യസ്തമായി എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപ്പെടുക എന്നതാണ് നവകേരള രേഖ മുന്നോട്ട് വെയ്ക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. രേഖയുടെ കോപ്പികൾ മാധ്യമങ്ങൾക്ക് വിതരണം ചെയ്തു.