കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ 668 ജീവനക്കാരെ സ്ഥിരപ്പെടുത്തി

Image from internetകണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്‌സിംഗ് വിഭാഗം ജീവനക്കാരേയും ഉള്‍പ്പെടെ 668 പേരെ സര്‍വീസില്‍ ഉള്‍പ്പെടുത്തി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 37 പ്രൊഫസര്‍, 34 അസോസിയേറ്റ് പ്രൊഫസര്‍, 50 അസിസ്റ്റന്റ് പ്രൊഫസര്‍, 26 ലക്ചറര്‍ തസ്തികളിലാണ് അധ്യാപകരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്‌സ്, 232 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് വിഭാഗം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പരിയാരം മെഡിക്കല്‍ കോളേജ്, പരിയാരം ദന്തല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം കോളേജ് ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരെയാണ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Share This News

0Shares
0