കൊടുങ്ങല്ലൂരിൽ തുണിക്കട ഉടമയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സ്‌കൂട്ടറിൽ വരികയായിരുന്ന, മാങ്ങാറപറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിയെ (30) വഴിയരികിൽ കാത്തുനിന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിൻസി വെള്ളിയാഴ്ച പുലർച്ചെ മരിച്ചു.
കൊടുങ്ങല്ലൂര്‍ എറിയാട് ചെമ്പറമ്പ് പള്ളി റോഡിൽ വെച്ചായിരുന്നു റിൻസിയെ, കടയിലെ മുൻ ജീവനക്കാരൻ റിയാസ് വെട്ടിയത്. കേരളവർമ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് കുട്ടികൾക്കൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് സ്‌കൂട്ടർ തടഞ്ഞു നിർത്തി ആക്രമണം നടത്തിയത്. തുടർന്ന് ഒളിവിലായിരുന്ന റിയാസിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. ഇതിനിടെയാണ് റിയാസിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.